ഷിരൂരിൽ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ എത്തിക്കും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കമുള്ളവർക്കായുള്ള തിരച്ചിൽ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനായി ഗോവ തുറമുഖത്ത് നിന്ന് കൊണ്ടുവരുന്ന ഡ്രഡ്ജർ ഇന്ന് ഷിരൂരിൽ എത്തിക്കും. ഇന്നലെ രാത്രിയോടെ ഡ്രഡ്ജർ എത്തിക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം കരയ്ക്ക് അടുപ്പിക്കുകയായിരുന്നു.

രാവിലെ ഒമ്പത് മണിയോടെ ഷിരൂരിൽ എത്തിച്ച് തിരച്ചിൽ തുടങ്ങാനാണ് ശ്രമം. ഗംഗാവലി പുഴയിൽ നാവികസേന അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെ മണ്ണും കല്ലുകളായിരിക്കും ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക. തിരച്ചിലിന് നിലവിൽ കാലാവസ്ഥ അനുകൂലമാണ്. ഇന്നലെ രാവിലെയാണ് ഡ്രഡ്ജർ കാർവാറിൽ നിന്ന് ഗംഗാവലിപ്പുഴയിലേക്ക് പ്രവേശിപ്പിച്ചത്. രാവിലെ വേലിയേറ്റ സമയമായതിനാൽ പാലം കടന്ന് മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല.

രണ്ട് മാസം കഴിഞ്ഞിട്ടും അപകടത്തിൽ കാണാതായവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. വിവിധ സേന വിഭാ​ഗങ്ങളും ശാസ്ത്രീയ പരിശോധനയും നടന്നിരുന്നു. അർജുൻ ഓടിച്ച ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന മേഖല കണ്ടെത്തിയെങ്കിലും പുഴയ്ക്കടി തട്ടിലെ കല്ലും മണ്ണും വെല്ലുവിളി ഉയർത്തിയിരുന്നു. തുടർന്നാണ് ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്താൻ തീരുമാനിച്ചത്. ഡ്രഡ്ജറിന്റെ ചെലവ് പൂർണമായി വഹിക്കുന്നത് കർണാക സർക്കാരാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp