ഷുഹൈബ് കേസില്‍ നടന്നത് ‘നീതിയുക്തമായ അന്വേഷണം’; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി

ഷുഹൈബ് വധക്കേസില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുകയായിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കില്ല. ഇപ്പോള്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഷുഹൈബിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ കോടതിയാണ് ആ ഘട്ടത്തില്‍ ഇടപെടാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

ഷുഹൈബ് കേസിലെ പ്രതികളെയും സഹായിച്ചവരെയും പിടികൂടി. കുറ്റവാളികളെ പിടികൂടാന്‍ ഫലപ്രദമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. ആരാണ് പ്രതിയെന്നോ അവരുടെ രാഷ്ട്രീയമെന്തെന്നോ നോക്കിയല്ല പൊലീസിന്റെ പ്രവര്‍ത്തനം. നിഷ്പക്ഷമായ അന്വേഷണമായിരുന്നു നടന്നതെന്നും നിയമസഭയില്‍ പിണറായി വിജയന്‍ വ്യക്തമാക്കി.

ആ സാഹചര്യത്തില്‍ സിബിഐ അന്വേഷണമെന്ന നീക്കമുണ്ടായപ്പോള്‍ സ്വാഭാവികമായാണ് സര്‍ക്കാര്‍ അതിനെ ചോദ്യം ചെയ്തത്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു ആ നീക്കം. ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ ഹര്‍ജിയുമായി പോയ ആദ്യഘട്ടത്തില്‍ തന്നെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു. സിബിഐക്ക് കൈമാറുന്നതിനാവശ്യമായ വസ്തുതകളൊന്നും തന്നെ കണക്കിലെടുത്തില്ലെന്ന് വിലയിരുത്തിയാണ് കോടതി സ്‌റ്റേ ചെയ്തത്. അങ്ങനെയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ഷുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രിംകോടതിയെ സമീപിച്ചത്. പക്ഷേ സുപ്രിംകോടതി ആ ഘട്ടത്തില്‍ ഇടപെടാന്‍ തയ്യാറായില്ല.

കൊല്ലപ്പെട്ട ഷുഹൈബിനോട് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള താത്പര്യം മനസിലാക്കാം. ആ താത്പര്യത്തിന് വിരുദ്ധമായിട്ട് സര്‍ക്കാര്‍ എന്താണ് ചെയ്തത്? ഫലപ്രദമായിട്ടല്ലേ കേസ് പൊലീസ് അന്വേഷിച്ചത്. ഷുഹൈബിന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാ കേസിലും പൊലീസ് അതേ നിലപാടല്ലേ എടുക്കുന്നത്. അതിനെ എങ്ങനെയാണ് കുറ്റം പറയാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp