സംഘര്‍ഷം: ഹരിയാന കനത്ത ജാഗ്രതയില്‍; അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണം

സംഘര്‍ഷത്തെത്തുടര്‍ന്ന് ഹരിയാനയിലെ നൂഹ്, ഗുരുഗ്രാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം തുടരുന്നു. ഉത്തര്‍പ്രദേശിലും ദില്ലിയിലും ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണം പൊലീസ് ഏര്‍പ്പെടുത്തി. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പുതിയ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

അതേസമയം സംഘര്‍ഷത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് ഒരു വിഭാഗത്തെ പ്രകോപിതരാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തിയുള്ള വീഡിയോകള്‍ മറ്റൊരു വിഭാഗം പങ്കുവെച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തെത്തിയിട്ടുണ്ട്. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നും സൂചനയുണ്ട്. ഒരു വിഭാഗം നടത്തിയ യാത്രയെ സംബന്ധിച്ചുള്ള വിശദവിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. സംഘര്‍ഷത്തില്‍ അറസ്റ്റിലായ 116 പേരെ റിമാന്റ് ചെയ്തു. 190 പേര്‍ ഇപ്പോഴും കരുതല്‍ തടങ്കലിലാണ്. ചില പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റിന്റെ താല്‍ക്കാലിക നിരോധനവും നിരോധനാജ്ഞയും തുടരുകയാണ്.

നുഹില്‍ 700 പേരോളം വരുന്ന അക്രമകാരികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. അവരെ ജീവനോടെ കത്തിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ആക്രമണം. പൊലീസ് സ്റ്റേഷനുനേരെ ഇവര്‍ കല്ലുകള്‍ വലിച്ചെറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. കല്ലേറിനു ശേഷം ആള്‍ക്കൂട്ടം പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും വെടിവെപ്പില്‍ നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റു എന്നും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. പൊലീസ് സ്റ്റേഷന്റെ ഗേറ്റിലേക്ക് ആള്‍ക്കൂട്ടം ബസ് ഇടിച്ചുകയറ്റി. പൊലീസ് ആകാശത്തേക്ക് വെടിവച്ചെങ്കിലും ആള്‍ക്കൂട്ടം പിന്മാറിയില്ല എന്നും എഫ്‌ഐആറില്‍ പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp