സംഭരിക്കുന്ന നെല്ലിന് 2000 കിലോ പരിധി നിശ്ചയിച്ച് സപ്ലൈകോ; നെൽകർഷകർക്ക് തിരിച്ചടി, ആശങ്ക

പാലക്കാട്: സംസ്ഥാനത്തെ നെൽകർഷകർക്ക് തിരിച്ചടിയായി സപ്ലൈകോയുടെ പുതിയ തീരുമാനം. നെല്ലിന്റെ സംഭരണ പരിധി സപ്ലൈകോ കുറച്ചു. 2200 കിലോ നെല്ലാണ് നേരത്തെ സംഭരിച്ചിരുന്നത്. ഇത് ഒറ്റയടിക്ക് 2000 കിലോയായി കുറച്ചു. ഇതോടെ അധികമായി വരുന്ന നെല്ല് കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നൽകേണ്ടി വരുമെന്ന ഭീതിയിലാണ് നെൽകർഷകർ ഉള്ളത്. 

സംസ്ഥാനത്ത് പലയിടങ്ങളിലും സപ്ലൈകോ നെല്ലുസംഭരണം തുടങ്ങിയിട്ടുണ്ട്. ഏക്കറിന് 2200 കിലോ നെല്ലാണ് കർഷകരിൽ നിന്ന് സംഭരിച്ചു കൊണ്ടു പോയത്. പാഡി റെസീറ്റ് സർട്ടിഫിക്കറ്റും കർഷകർക്ക് കിട്ടി. എന്നാൽ ഏക്കറിന് 2000 കിലോ നെല്ലേ സംഭരിക്കൂവെന്നാണ് സപ്ലൈകോയുടെ നെല്ലുസംഭരണത്തിനുള്ള സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കൂടുതൽ നെല്ല് കൊടുത്ത കർഷകർ ആശങ്കയിലാണ്.

ദിവസങ്ങളോളം കൂലി കൊടുത്ത് നെല്ല് ഉണക്കിയെടുത്താണ് സപ്ലൈകോയ്ക്ക് നൽകുന്നത്. അധികം വരുന്ന നെല്ല് എന്ത് ചെയ്യുമെന്ന് കർഷകർക്ക് അറിയില്ല. സംസ്ഥാന സർക്കാർ നിർദേശം വന്നാൽ ഉടൻ തന്നെ സംഭരണവില നൽകുമെന്ന് സപ്ലൈകോ അറിയിക്കുന്നു. കിലോയ്ക്ക് 28 രൂപ 20 പൈസയാണ് കർഷകർക്ക് ലഭിക്കുക. 2000 കിലോ എന്ന പരിധി രണ്ടാം വിളയ്ക്കും ബാധകമാക്കിയാൽ വൻ നഷ്ടമാണ് കർഷകർക്ക് ഉണ്ടാവുക.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp