സംസാരിക്കാൻ വിസമ്മതിച്ച യുവതിയെ 51 തവണ കുത്തി കൊലപ്പെടുത്തി.

20 കാരിയെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് 51 തവണ കുത്തി കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. പ്രതിയോട് സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ്.

സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ പമ്പ് ഹൗസ് കോളനിയിൽ ഡിസംബർ 24 നാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് (കോർബ) വിശ്വദീപക് ത്രിപാഠി പറഞ്ഞു. യുവതി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയയാണ് പ്രതി അവിടെയെത്തിയത്. വീടിനുള്ളിൽ അതിക്രമിച്ച് കയറിയ യുവാവ് യുവതിയെ 51 തവണ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തുകയായിരുന്നു.

നിലവിളി അടക്കാനായി തലയണ കൊണ്ട് ഇരയുടെ വായ പൊത്തിപ്പിടിച്ചിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. ഇരയുടെ സഹോദരൻ പിന്നീട് വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ജഷ്പൂർ ജില്ലക്കാരനായ പ്രതി മൂന്ന് വർഷം മുമ്പ് ഒരു പാസഞ്ചർ ബസിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന സമയത്ത് ഇരയുമായി സൗഹൃദം സ്ഥാപിച്ചിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഇതിന് ശേഷം പ്രതി ജോലിയുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലേക്ക് പോയെന്നും ഇരുവരും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതി ഇയാളോട് ഫോണിൽ സംസാരിക്കുന്നത് നിർത്തിയതോടെ പ്രതി മാതാപിതാക്കളെയും ഭീഷണിപ്പെടുത്തി. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ നാല് പൊലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും ത്രിപാഠി കൂട്ടിച്ചേർത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp