സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ ഉദ്ഘാടനം ഇന്ന്

തൃശൂർ പൂങ്കുന്നം പുഷ്പഗിരി സീതാരാമ സ്വാമി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഓൺലൈൻ വഴിയാണ് ഉദ്ഘാടനം. 12 കോടി രൂപ ചെലവിൽ മൂന്ന് ശ്രീകോവിലുകൾ സ്വർണം പൊതിഞ്ഞതിന്റെ സമർപ്പണവും ഇന്ന് നടക്കും. 

സീതാരാമസ്വാമി ക്ഷേത്രത്തിൻറെ മുന്നിൽ അമ്പത്തിയഞ്ച് അടി ഉയരത്തിലാണ് ഹനുമാൻ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലെ അല്ലഗഡയിൽ ശിൽപ്പി വി. സുബ്രഹ്‌മണ്യം ആചാര്യയുടെ നേതൃത്വത്തിലാണ് ശിൽപം തയ്യാറാക്കിയത്. 30ഓളം തൊഴിലാളികൾ മൂന്നു മാസത്തോളമെടുത്താണ് പ്രതിമയ്ക്ക് രൂപം നൽകിയത്. ഒറ്റക്കല്ലിലായിരുന്നു ശിൽപ നിർമാണം. ഹനുമാൻ പ്രതിമയിൽ ലേസർ ഷോയും ഒരുക്കുന്നുണ്ട്. രാമായണത്തിലെ വിവിധ രംഗങ്ങൾ ഹനുമാൻ ചാലിസ ഓഡിയോ പശ്ചാത്തലത്തിൽ പ്രദർശിപ്പിക്കും. ധാരാളം പേരാണ് പ്രതിമ കാണുവാനായി ക്ഷേത്ര പരിസരത്തേക്ക് എത്തുന്നത്.

സീതാരാമസ്വാമിക്ഷേത്രം, ശിവക്ഷേത്രം, അയ്യപ്പക്ഷേത്രം എന്നിവയുടെ ശ്രീകോവിലുകൾ സ്വർണം പൂശിയതിൻറെ സമർപ്പണവും ഇന്ന് നടക്കും. 24 കാരറ്റിൽ 18 കിലോ സ്വർണം ഉപയോഗിച്ചാണ് ശ്രീകോവിലുകൾ പൊതിഞ്ഞത്. ഇതിനായി പന്ത്രണ്ട് കോടി രൂപ ചിലവഴിച്ചത് ക്ഷേത്രം ട്രസ്റ്റ് ബോർഡ് അംഗം കൂടിയായ ടിഎസ് കല്യാണരാമനാണ്. സ്വർണരഥമുള്ള ഏക ക്ഷേത്രം, ശ്രീരാമനും സീതാദേവിയും ഒരേ ശ്രീകോവിലിൽ പ്രതിഷ്ടിച്ച കേരളത്തിലെ ഏക ക്ഷേത്രം, തുടങ്ങിയ പ്രത്യേകകൾ ഈ ക്ഷേത്രത്തനുണ്ട്. മഹാകുംഭാഭിഷേകത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ 20 കോടിയോളം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp