സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ, മധ്യ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കടലിൽ മോശം കാലാവസ്ഥയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. അടുത്ത ദിവസങ്ങളിലും ശതമായ മഴ തുടരുമെന്നാണ് വിലയിരുത്തൽ.
കാലവർഷം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ജൂൺ നാലിന് ഏഴ് ജില്ലകളിൽ യല്ലോ അലേർട്ട് നൽകി. നിലവിൽ കാലവർഷം മാലദ്വീപ്, കന്യാകുമാരി ഭാഗങ്ങളിൽ പ്രവേശിച്ചതായി കാലാവസ്ഥ കേന്ദ്രം സ്ഥിരീകരിച്ചു. തിങ്കളാഴ്ചയോടെ തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കുന്നത് കേരളത്തെയും ബാധിക്കുമെന്ന് കാലാവസ്ഥ ഏജൻസികൾ അറിയിച്ചു.