സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; 8 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. 8 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന പ്രകാരം സെപ്തംബർ ആദ്യവാരം കേരളത്തിൽ മഴ തകർത്ത് പെയ്യാനാണ് സാധ്യത.

സെപ്തംബർ 4 -ാം തീയതിവരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്താൻ തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന അസ്‌ന ചുഴലിക്കാറ്റ് അകന്നു പോകുന്നുവെന്നാണ് റിപ്പോർട്ട്.

ഈ ചുഴലിക്കാറ്റ് രാവിലെയോടെ തീവ്ര ന്യുനമർദമായി ശക്തി കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നു. തെക്കൻ ഒഡിഷക്കും തെക്കൻ ഛത്തീസ്ഗഡിനും മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിന്റെ സ്വാധീനഫലമായി വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് വ്യാപകമായ മഴ പെയ്യുമെന്നാണ് കരുതുന്നത്. കേരള-കർണാടക തീരങ്ങളിൽ നിലനിൽക്കുന്ന മത്സ്യബന്ധന വിലക്ക് തുടരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp