സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന് 2021 – 22 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട്. ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ ധനമന്ത്രി റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. കിഫ്ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന കടം സംസ്ഥാനത്തിന്റെ കടത്തിൽ ഉൾപ്പെടുത്തിയത് തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു

സംസ്ഥാനത്ത് സാമ്പത്തിക വളർച്ചയുണ്ടായെന്ന് റിപ്പോർട്ടിലുണ്ട്. കേരളം 12.1 ശതമാനം വളർച്ചാനിരക്ക് കൈവരിച്ചിട്ടുണ്ട്. 2012-13 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ച നിരക്കാണിത്. റവന്യു കമ്മിയും ആഭ്യന്തര ഉല്പാദനവും തമ്മിലുള്ള അന്തരം 4.11% ആയി കുറഞ്ഞുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അടുത്ത വർഷം ഈ അന്തരം വീണ്ടും കുറയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. റവന്യു വരുമാനം 12.86 % ആയി വർദ്ധിച്ചിട്ടുണ്ട്. കൃഷി അനുബന്ധ മേഖലകളിൽ വളർച്ച 4.64 % വർദ്ധിക്കുകയും ചെയ്തു.

വളർച്ചയോടൊപ്പം തന്നെ കേരളത്തിന്റെ പൊതുകടം കൂടുന്ന സ്ഥിതിയുമുണ്ടായി. കഴിഞ്ഞ വർഷം പൊതുകടം 2.10 ലക്ഷം കോടിയായി ഉയർന്നു. 20-21 ൽ ഇത് 1.90 ലക്ഷം കോടിയായിരുന്നു. മൂലധന ചെലവ് 15438 കോടിയിൽ നിന്ന് 17046 കോടിയായി. തൊഴിലില്ലായ്മ നിരക്കും വർദ്ധിച്ചിട്ടുണ്ട്. ദേശീയ പ്രാദേശിക സാമ്പത്തിക മാന്ദ്യവും ഈ പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

സംസ്ഥാനത്തെ ശമ്പള പെൻഷൻ ചെലവുകൾ വർദ്ധിച്ചിട്ടുണ്ട്. കൂടാതെ, വരും വർഷം റവന്യൂ ചെലവുകൾ നിയന്ത്രിക്കണമെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. റവന്യൂ ചെലവ് 22.46 ശതമാനത്തിൽ നിന്നും 30.44 ശതമാനമായാണ് ഉയർന്നത്. നികുതി നികുതിയേതര വിഭവങ്ങളുടെ അധിക സമാഹരണം നടത്തിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും എന്ന് സൂചന.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp