സംസ്ഥാനത്ത് 19.80 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 19,80,415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 5 വയസിന് താഴെയുള്ള 23,24,949 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടത്. ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാനായത്. എന്തെങ്കിലും കാരണത്താല്‍ തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 1,85,100, കൊല്ലം 1,44,927, പത്തനംതിട്ട 58,884, ആലപ്പുഴ 1,06,458, കോട്ടയം 91,610, ഇടുക്കി 61,212, എറണാകുളം 1,86,846, തൃശൂര്‍ 1,71,222, പാലക്കാട് 1,83,159, മലപ്പുറം 3,13,268, കോഴിക്കോട് 1,92,061, വയനാട് 49,847, കണ്ണൂര്‍ 1,44,674, കാസര്‍ഗോഡ് 91,147 എന്നിങ്ങനേയാണ് ജില്ലായടിസ്ഥാനത്തില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്. എറണാകുളം 95.06 ശതമാനം, കോട്ടയം 94.74 ശതമാനം, പത്തനംതിട്ട 90.92 ശതമാനം, പാലക്കാട് 90.85 ശതമാനം, തിരുവനന്തപുരം 90.65 ശതമാനം എന്നിങ്ങനെയാണ് വാക്‌സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍.

ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ഇതില്‍ 19.17 ലക്ഷം കുഞ്ഞുങ്ങള്‍ക്കും പോളിയോ ബൂത്തുകള്‍ വഴിയാണ് തുള്ളി മരുന്ന് നല്‍കിയത്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ സേവനമനുഷ്ഠിച്ചത്. പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചിരുന്നു.

സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp