തിരുവനന്തപുരം ∙ കണ്ണീരോടെ വാരിപ്പുണർന്ന അച്ഛനോടു ചേർന്നുനിന്ന് അവൾ അമ്മയെ നോക്കി. അടുത്തു നിന്ന 2 സഹോദരിമാരെയും. സങ്കടം തുളുമ്പി നിന്ന അന്തരീക്ഷത്തിലും അസം ബാലിക തന്റെ അഭിപ്രായത്തിൽ ഉറച്ചു നിന്നു. ‘വീട്ടിലേക്കു പോകേണ്ട’. വീടുവിട്ടിറങ്ങിയ പതിമൂന്നുകാരിയെ അച്ഛനും അമ്മയും സഹോദരിമാരും കണ്ട നിമിഷങ്ങൾ ഇങ്ങനെയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ കുട്ടിയെ ഞായറാഴ്ച രാത്രി തലസ്ഥാനത്ത് എത്തിച്ചു. ഇന്നലെ പൂജപ്പുര ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) സിറ്റിങ്ങിൽ ഹാജരാക്കി.രക്ഷിതാക്കൾക്കൊപ്പം പോകാൻ താൽപര്യം ഉണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ആദ്യ ഉത്തരം. ആവർത്തിച്ചു ചോദിച്ചെങ്കിലും നിലപാടിൽ ഉറച്ചുനിന്നു. ഇതിനു ശേഷമാണ് രക്ഷിതാക്കളെയും സഹോദരങ്ങളെയും കുട്ടി കണ്ടത്.
10 ദിവസം സിഡബ്ല്യുസിയുടെ ബാലികാ സദനത്തിൽ പാർപ്പിച്ച് കുട്ടിക്ക് കൗൺസലിങ് നൽകാനാണു തീരുമാനം. രക്ഷിതാക്കൾക്കും കൗൺസലിങ് നൽകും. തുടർന്ന് കുട്ടിയുടെ മനസ്സു മാറുന്നെങ്കിൽ രക്ഷിതാക്കൾക്കൊപ്പം വിടും. നിലവിലെ നിലപാടു തുടരുകയാണെങ്കിൽ സർക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യുസി ജില്ല ചെയർപഴ്സൻ ഷാനിബാ ബീഗം പറഞ്ഞു.
മകൾ വീട്ടിലേക്കു വരാത്തതിൽ അച്ഛനു വിഷമമുണ്ട്. സിഡബ്ല്യുസിയുടെ സംരക്ഷണയിൽ കഴിയുന്നതിൽ അമ്മയ്ക്ക് എതിർപ്പില്ല. മൂന്നു കുട്ടികളെയും സിഡബ്ല്യുസിയിൽ നിർത്താമെന്നു പറഞ്ഞെങ്കിലും അച്ഛനു താൽപര്യമില്ല. അമ്മയ്ക്കു സമ്മതവുമാണ്.
ചൊവ്വാഴ്ചയാണു കുട്ടി വീടുവിട്ട് ഇറങ്ങിയത്. മൂന്നു സംസ്ഥാനങ്ങളിലൂടെ 37 മണിക്കൂർ കൊണ്ട് 1,650 കിലോമീറ്റർ സഞ്ചരിച്ച കുട്ടിയെ മലയാളികളുടെ കൂട്ടായ്മ വിശാഖപട്ടണത്ത് ട്രെയിനിൽ ബുധനാഴ്ച രാത്രി 10നു കണ്ടെത്തി. കഴക്കൂട്ടത്തെ സ്കൂളിൽ ഒരു വർഷമായി കൃഷിപ്പണി ചെയ്യുന്ന ഭർത്താവിനൊപ്പം താമസിക്കാൻ ഒരു മാസം മുൻപാണ് യുവതിയും കുട്ടികളും അസമിൽ നിന്ന് എത്തിയത്.