കലാമണ്ഡലം സത്യഭാമയ്ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ. പരാതി നൽകുന്നത് സംബന്ധിച്ച് വിദഗ്ധരോട് നിയമോപദേശം തേടിയിട്ടുണ്ട്. കലാരംഗത്ത് പുതുതായി ആളുകൾക്ക് കടന്നു വരാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും രാമകൃഷ്ണൻ പറഞ്ഞു.
അധിക്ഷേപത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. ബാക്കിപത്രമായി ഇനിയും വിവേചനം അവശേഷിക്കരുത്. കറുത്തവർ മോഹിനിയാട്ടം ചെയ്യരുതെന്ന ചിന്താഗതിക്കെതിരെയാണ് പോരാട്ടം. തനിക്കെതിരെ കലാമേഖലയിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. നിരന്തര വിവാദങ്ങൾക്ക് പിന്നിൽ അത്തരം ലോബികളാണെന്നും രാമകൃഷ്ണൻ പറഞ്ഞു.
ആർ എൽ വി രാമകൃഷ്ണന് വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് ആർഎൽവി രാമകൃഷ്ണനെ പങ്കെടുപ്പിക്കും. കലാമണ്ഡലം ഗോപിയുടെ പത്മ അവാർഡ് വിവാദങ്ങളിൽ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തി.
പത്മശ്രീ അവാർഡിന് സഹായം അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി ബന്ധപ്പെട്ടിരുന്നു. 2015 വരെ അവാർഡ് നിർണയത്തിൽ പല അഴിമതിയും നടന്നിട്ടുണ്ട്. തനിക്ക് ഇടപെടാൻ കഴിയില്ലെന്നും സെൽഫ് അഫിഡവിറ്റ് നൽകാനും നിർദേശിച്ചു. പുറത്ത് പറയാതിരുന്നത് കലാമണ്ഡലം ഗോപിയോടുള്ള സ്നേഹം കൊണ്ട്. കലാമണ്ഡലം ഗോപി എല്ലാം വെളിപ്പെടുത്തിയാൽ സന്തോഷം.
കലാമണ്ഡലം ഗോപിയെ വീട്ടിലെത്തി കാണില്ല. സന്ദർശനം ഒഴിവാക്കിയത് കലാമണ്ഡലം ഗോപിക്ക് രാഷ്ട്രീയ ബാധ്യതകൾ ഉള്ളതിനാൽ. സ്വന്തം ഇഷ്ടപ്രകാരം സന്ദർശനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.