തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ വീണ്ടും വൻ ട്വിസ്റ്റ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ തന്റെ സഹോദരനും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടത്തിയിരുന്നത്. എന്നാൽ കോടതിയിൽ എത്തിയതോടെ വീണ്ടും കേസിൽ വഴിത്തിരിവായി.
കോടതിയിൽ പ്രശാന്ത് മൊഴിമാറ്റുകയായിരുന്നു. ജനുവരിയില്‍ ആത്മഹത്യചെയ്ത കുണ്ടമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളും ആശ്രമം കത്തിച്ചുവെന്നായിരുന്നു സഹോദരന്‍ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയിരുന്നത്. സഹോദരൻ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നുവെന്നും പറഞ്ഞിരുന്നു.
എന്നാല്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കാൻ എത്തിയപ്പോൾ ഈ കാര്യങ്ങൾ പ്രശാന്ത് നിഷേധിക്കുകയായിരുന്നു. സഹോദരനെതിരെ മൊഴി നല്‍കിയത് ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദത്തിലാണെന്ന് പ്രശാന്ത് കോടതിയെ അറിയിക്കുകയും ചെയ്തു. ഇതോടെ ക്രൈംബ്രാഞ്ച് പ്രതിസന്ധിയിലായിരിക്കുകയാണ്. ആത്മഹത്യചെയ്യുന്നതിന് ഏതാനും ദിവസംമുമ്പാണ് ആശ്രമം കത്തിച്ചകാര്യം പ്രകാശ് പറഞ്ഞതെന്നായിരുന്നു പ്രശാന്ത് അന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
കുണ്ടമണ്‍കടവിലെ ചില സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഇത് നടത്തിയതെന്നും പ്രശാന്ത് പറഞ്ഞിരുന്നു. 2022 ജനുവരിയിലാണ് പ്രകാശന്‍ ആത്മഹത്യചെയ്തത്. മരിക്കുന്നതിന് തലേദിവസം പ്രകാശിനെ ചിലര്‍ മര്‍ദിച്ചിരുന്നെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിനശിച്ചതുമായി ബന്ധപ്പെട്ട ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം പ്രകാശിന്റെ ആത്മഹത്യ കേസ് ഫയലും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രശാന്തിനെ വിളിച്ച് വരുത്തി കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇീ സമയത്തായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് സഹോദരനാണ് ആശ്രമം കത്തിച്ചതെന്ന് വെളിപ്പെടുത്തിയത്.
2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമം കത്തിയത്. സംഭവത്തിൽ മൂന്ന് വാഹനങ്ങൾ കത്തി നശിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴായിരുന്നു സംഭവം. അതുകൊണ്ട് തന്നെ കേരളത്തിൽ ഇത് ചർച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം ആശ്രമം സന്ദർശിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.