സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; അനധികൃതമായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തു, അര്‍ധരാത്രിയിലും നീണ്ടു നിന്ന പരിശോധന

തിരുവനന്തപുരം: കാട്ടാക്കട സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. തിരുവനന്തപുരം കുഞ്ചാലുംമൂട് വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം യൂണിറ്റ് 2 ആണ് പരിശോധന നടത്തിയത്. പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 50,000ത്തോളം രൂപയും കണ്ടെത്തി. ജില്ലാ രജിസ്ട്രാര്‍ നൈനാന്റെ നേതൃത്വത്തിലുള്ള രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പരിശോധന നടക്കുന്നതിനിടയിലാണ്, പോലീസ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.

സബ് രജിസ്ട്രാര്‍ ഓഫീസിലെ ആധാര രജിസ്റ്ററുകള്‍ സൂക്ഷിക്കുന്ന മുറിയിലെ പഴയ രജിസ്റ്ററുകള്‍ക്കിടയില്‍ നിന്ന് 2050 രൂപയും, പാര്‍ട്ട് ടൈം സ്വീപ്പര്‍ മലയം അള്‍ത്താര വീട്ടില്‍ ആല്‍ഫ്രഡിന്റെ കൈയില്‍ നിന്ന് 20,000 ത്തിലേറെ രൂപയും, റിട്ട.സബ് രജിസ്റ്റാറും ആധാരം എഴുത്തുകാരനുമായ മോഹനന്‍ ചെട്ടിയാരില്‍ നിന്ന് 24,500 രൂപയും സംഘം പിടിച്ചെടുത്തു.

സബ് രജിസ്ട്രാറോഫീസില്‍ നിന്ന് പിടിച്ചെടുത്ത പണം ഏതുതരത്തിലാണ് എന്നതും ഇതിന്റെ ഉറവിടവും വിജിലന്‍സ് സംഘം പരിശോധിക്കുന്നു. സബ് രജിസ്ട്രാറാഫീസ് ഉദ്യോഗസ്ഥരുടെ ബാങ്ക് എടിഎം ഇടപാടുകളും സംഘം പരിശോധിക്കും. ഇന്നലെ വൈകിട്ട് 3.30 ടെയാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്. രാത്രി വൈകിയും ഓഫീസിലെ റെക്കാഡ് മുറികളില്‍ തെരച്ചില്‍ തുടര്‍ന്നു.

എസ്.പി അജയകുമാറിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി സലിംകുമാര്‍, ഇന്‍സ്പെക്ടര്‍ മുഹമ്മദ് റിജാസ്, ഗ്രെയിഡ് എസ്.ഐ മോഹനന്‍, പൊലീസ് ഉദ്യോഗസ്ഥരായ സാബു, സതീഷ്, സുമന്ത് മഹേഷ്,സജി മോഹന്‍, സൈജു, റാം കുമാര്‍, ശുഭലക്ഷ്മി, സി.പി.ഒ അനന്തു, ഷിജിന്‍ ദാസ്, മുരുക്കുംപുഴ സബ് രജിസ്ട്രാര്‍ ഓഫീസര്‍ അറാഫത്ത് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.

കാട്ടാക്കട സബ് രജിസ്ട്രാര്‍ ഓഫീസിനെപ്പറ്റി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസത്തോളം വിജിലന്‍സ് സംഘം ഈ ഓഫീസില്‍ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു.പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp