ന്യൂഡല്‍ഹി: 18ാം ലോക്സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കണമെന്ന് രാഹുൽ ഗാന്ധി ഈ ലോക്സഭയിലെ തന്റെ ആദ്യ പ്രസംഗത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റേത് ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ശബ്ദം മുഴങ്ങാൻ അനുവദിക്കണമെന്നും സ്പീക്കറോട് രാഹുൽ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ശബ്ദമായി സംസാരിക്കാൻ പ്രതിപക്ഷത്തെ സ്പീക്കർ അനുവദിക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രതിപക്ഷത്തെ നിശബ്ദമാക്കിയും വേണമെങ്കിൽ സഭ മുന്നോട്ട് കൊണ്ട് പോകാം. പക്ഷേ അത് ജനാധിപത്യ വിരുദ്ധമായ ആശയമാണെന്നും അദ്ദേഹം വ്യക്തമാക്കി.