സവാള എന്ന വ്യാജേന പുകയില കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

സവാള എന്ന വ്യാജേനെ പിക്കപ്പ് വാനിൽ ബാംഗ്ലൂരിൽ നിന്നും കടത്തുകയായിരുന്ന 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പാലക്കാട് സ്വദേശികളായ രണ്ടുപേർ തിരുവല്ലയിൽ പൊലീസിന്റെ പിടിയിലായി. പാലക്കാട് തിരുമറ്റക്കോട് പാത്തന്നൂർ വലിയ തുടിയിൽ വീട്ടിൽ അമീൻ (38 ) , പാലക്കാട് തിരുമറ്റക്കോട് നെല്ലിക്കാട്ടിൽ പാത്തന്നൂർ പുലാവട്ടത്ത് വീട്ടിൽ ഉനൈസ് (24 ) എന്നിവരാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ എംസി റോഡിലെ മുത്തൂരിൽ നിന്നും പിടിയിലായത്.

ജില്ലാ പോലീസ് മേധാവി വി അജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നെർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ ഉമേഷ് കുമാറിന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സവാള ചാക്കുകൾക്ക് താഴെ ഒളിപ്പിച്ചിരുന്ന 45 ചാക്ക് ഹാൻസ് പിക്കപ്പ് വാനിൽ നിന്നും പിടികൂടിയത്. തിരുവല്ലയിലെ മൊത്തക്കച്ചവടക്കാരന് കൈമാറാൻ കൊണ്ടുവന്നതാണ് നിരോധിത പുകയില ഉത്പന്നങ്ങൾ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp