സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന്റെ കണക്കെടുക്കാൻ സ്വകാര്യ സ്ഥാപനത്തെ നിയമിക്കാൻ സർക്കാർ തീരുമാനം

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന്റെ കണക്കെടുക്കാൻ സ്വകാര്യ സ്ഥാപനത്തെ നിയമിക്കാൻ സർക്കാർ തീരുമാനം. 2015 മുതൽ വിതരണം ചെയ്യപ്പെടാത്ത തുക തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ഇതോടെ 65 ലക്ഷം പെൻഷൻകാരുടെ സ്വകാര്യ വിവരങ്ങളും ആധാർ വിവരങ്ങളും സ്വകാര്യ കമ്പനിക്ക് ഉപയോഗിക്കാനാകും.

2015 മുതൽ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ചെയ്തതിന്റെ കണക്കെടുക്കാനാണ് സ്വകാര്യ സ്ഥാപനത്തെ നിയോഗിക്കുന്നത്. 2021 മാർച്ച് 31 വരെയുള്ള കണക്കെടുപ്പ് തദ്ദേശഭരണ ഡയറക്ടറേറ്റും 2021 ഏപ്രിൽ മുതലുള്ളത് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡും നടത്തണമെന്ന് സർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതു കൂടാതെ വിതരണം ചെയ്യാതെ അവശേഷിക്കുന്ന തുക തിരികെ നൽകണമെന്ന് സഹകരണ സംഘങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നും നടപ്പായില്ല. തുടർന്നാണ് 2015 മുതലുള്ള പെൻഷൻ വിതരണത്തിന്റെ കണക്കെടുക്കാൻ സ്വകാര്യ സ്ഥാപനത്തെ നിയമിക്കാൻ തീരുമാനിച്ചത്.

2015 മുതലുള്ള പെൻഷൻ വിതരണത്തിന്റെ മുഴുവൻ വിവരങ്ങളും സ്വകാര്യ സ്ഥാപനം നൽകണം. 65 ലക്ഷം പെൻഷൻകാരുടെ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് ഇതിനായി ഉപയോഗിക്കാം. ഇതോടൊപ്പം ആധാർ വിവരങ്ങളും കമ്പനിക്ക് ഉപയോഗിക്കാമെന്നും സർക്കാർ വ്യക്തമാക്കുന്നു. കണക്കെടുപ്പിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഈ ഡാറ്റാ ഉപയോഗിക്കരുതെന്നാണ് സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നത്. ഇതോടൊപ്പം ആധാർ വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ആറു മാസത്തിനുള്ളിൽ കണക്കെടുപ്പ് പൂർത്തീകരിക്കണം. കേന്ദ്രം നൽകുന്ന എൻ.എസ്.എ.പി വിഹിതത്തിൽ നിന്നും ഭരണപരമായ ചെലവുകൾക്ക് നൽകുന്ന മൂന്നു ശതമാനത്തിന്റെ ഒരു ഭാഗം സ്ഥാപനത്തിന് പ്രതിഫലമായി നൽകും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp