സിംഗിൾ ഡ്യൂട്ടി പഠനം നടന്നിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി; ഡ്യൂട്ടി പരിഷ്‌കരണം യൂണിയനുകളെ ഏല്‍പിച്ചു

തിരുവനന്തപുരം: ബസുകളുടെ ഉപയോഗം ദേശീയ ശരാശരിയിലേക്ക് ഉയര്‍ത്താന്‍ നടപ്പാക്കിയ സിംഗിള്‍ ഡ്യൂട്ടി സംവിധാനം സംബന്ധിച്ച് പഠനങ്ങളോ അവലോകനമോ നടന്നിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സ്ഥാപനത്തിന്റെ പുനരുദ്ധാരണത്തെക്കുറിച്ച് പഠിച്ച പ്രൊഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശപ്രകാരമാണ് കര്‍ണാടക മോഡല്‍ ഡ്യൂട്ടി പരിഷ്‌കരണം കെ.എസ്.ആര്‍.ടി.സിയിലും തുടങ്ങിയത്. ഇത് ഫലപ്രാപ്തിയില്‍ എത്തിയോ എന്നത് സംബന്ധിച്ച് പരിശോധന നടത്തിയിട്ടില്ല.

രാവിലെ മുതല്‍ രാത്രിവരെ ഒരേ രീതിയില്‍ ബസ് ഓടിക്കുന്ന പതിവ് ശൈലിക്കുപകരം യാത്രക്കാരുടെ തിരക്ക് കുറയുന്ന സമയത്ത് ബസുകള്‍ കുറയ്ക്കുകയും അതിനനുസരിച്ച് ജീവനക്കാരെ ക്രമീകരിക്കുകയും ചെയ്യുന്ന ഡ്യൂട്ടി സംവിധാനമാണ് നിഷ്‌കര്‍ഷിച്ചിരുന്നത്. ഒരു ഷെഡ്യൂളിന് 2.5 വീതം കണ്ടക്ടറെയും ഡ്രൈവറെയും ഉപയോഗിക്കുന്നതിന് പകരം 1.25 ജീവനക്കാരായി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ബസുകളുടെ ഉപയോഗം കൂട്ടാനും ഇതിലൂടെ കഴിയുമെന്നായിരുന്ന ശുപാര്‍ശ.

തൊഴിലാളി സംഘടനകള്‍ എതിര്‍ത്തെങ്കിലും തിരുവനന്തപുരം പാറശാലയില്‍ പദ്ധതി നടപ്പാക്കിയിരുന്നു. മേല്‍നോട്ടച്ചുമതലുള്ള ഓപ്പറേഷന്‍ മേധാവി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയതോടെ ആരംഭത്തിലേ പദ്ധതി പാളി. ഇവരെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. തൊഴിലാളി യൂണിയനുകളോട് വിധേയത്വമുള്ള മധ്യനിര മാനേജ്‌മെന്റ് പദ്ധതി അട്ടിമറിക്കാനുള്ള സാധ്യത അന്നേ ഉയര്‍ന്നിരുന്നു. ഇതിനിടെ മന്ത്രിയും സി.എം.ഡിയും മാറി.

പുതിയ സംവിധാനത്തില്‍ ജീവനക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പഠിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. പകരം കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരും അംഗീകൃത തൊഴിലാളി സംഘടനകളും തമ്മില്‍ ചര്‍ച്ചചെയ്ത് മറ്റൊരു ഡ്യൂട്ടിക്രമം ഉണ്ടാക്കുകയായിരുന്നു. ഇത് ഫലപ്രദമാണോ എന്നുപോലും കെ.എസ്.ആര്‍.ടി.സി പരിശോധിക്കുന്നില്ലെന്നാണ് രേഖകളില്‍നിന്ന് വ്യക്തമാകുന്നത്.

ഉദ്യോഗസ്ഥരും തൊഴിലാളി നേതാക്കളുമായി ഒരോമാസവും ചര്‍ച്ചനടത്തി ഡ്യൂട്ടിയില്‍ മാറ്റംവരുത്തുന്നുണ്ട്. യൂണിയനുകളോട് ഡ്യൂട്ടിക്രമം തയാറാക്കി നല്‍കാനും മാനേജ്‌മെന്റ് നിര്‍ദേശിച്ചു. യൂണിയനുകള്‍ നിര്‍ദേശിച്ച ഡ്യൂട്ടി ക്രമത്തിലും സമയവായത്തില്‍ എത്തിയിട്ടില്ല. ഡ്യൂട്ടി പരിഷ്‌കരണത്തിലേക്ക് നീങ്ങി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കാര്യമായ നേട്ടമില്ലാത്തതൊണ്ടാണ് അവലോകന റിപ്പോര്‍ട്ടുകള്‍ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് പുറത്തുവിടാത്തതെന്നും വിമര്‍ശനമുണ്ട്. തൊഴിലാളി യൂണിയനുകളുമായി നടത്തുന്ന യോഗങ്ങളില്‍ പദ്ധതി അവലോകനം ചെയ്യുന്നുണ്ടെന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍, രേഖകള്‍ പുറത്തുവിടാന്‍ തയാറല്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp