സിദ്ധാർത്ഥന്റെ മരണം; 2 വിദ്യാർത്ഥികൾ കൂടി പിടിയിൽ, അറസ്റ്റിലായരുടെ എണ്ണം 20 ആയി

സിദ്ധാർത്ഥന്റെ ദുരൂഹ മരണത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. വിദ്യാർത്ഥികളായ കോഴിക്കോട് സ്വദേശി വഫീസ് (24), ആലപ്പുഴ സ്വദേശി അഭി (23) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായരുടെ എണ്ണം 20 ആയി. മർദ്ദനത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരാണ് ഇപ്പോൾ പിടിയിലായ പ്രതികൾ.

സിദ്ധാർദ്ധന്റെ വിഷയം ഉന്നയിച്ച് കോൺ​ഗ്രസ് നേതാക്കൾ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമരപ്പന്തലിലെത്തി രാഹുൽ മാങ്കൂട്ടത്തിലിനും ജെബി മേത്തർ എംപിക്കും അലോഷ്യസ് സേവ്യറിനും നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് വിഡി സതീശൻ അറിയിച്ചു.

മുഖ്യമന്ത്രി വാക്ക് പാലിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും വാക്ക് തെറ്റിച്ചാൽ ഇതിനേക്കാൾ വലിയ സമരം സംഘടിപ്പിക്കുമെന്നും സതീശൻ പ്രതികരിച്ചു. നിങ്ങൾ നടത്തിയ പോരാട്ടം ഫലം കണ്ടെന്ന് നേതാക്കളോട് പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്വേഷണത്തിൻ്റെ തുടക്കത്തിൽ പൊലീസ് യാഥാർത്ഥ്യം മൂടിവയ്ക്കാൻ ശ്രമിച്ചു.

കേരളത്തിലെ ചെറുപ്പക്കാരുടെ രോഷത്തിൽ നിന്നാണ് ഈ സമരം ഉയർന്നുവന്നത്. നിരന്തരം സിദ്ധാർത്ഥന്റെ കുടുംബവുമായി ബന്ധപ്പെടുകയായിരുന്നു. മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം കുടുംബത്തിന് ഉറപ്പു കൊടുത്തു. ഈ മൂന്നുപേരും നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ബലം പിടിച്ച ഗവൺമെൻറ് സിബിഐ അന്വേഷണം ഉറപ്പുനൽകിയതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയനെ വിശ്വാസമില്ലെന്നും ഒരു പിതാവ് എന്ന നിലയിൽ പിണറായി വിജയൻ വാക്കുപാലിക്കും എന്ന് കരുതുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. തങ്ങളുടെ ആരോഗ്യനില മോശമാണ്. എന്നാൽ ആരോഗ്യമല്ല പ്രധാനമെന്നും സിദ്ധാർത്ഥന്റെ നീതിയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

പൂക്കോട് വെറ്ററിനറി കോളജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥൻ്റെ മരണത്തിൽ ആന്റി റാഗിംഗ് സ്ക്വാഡ് യു.ജി.സിക്ക് നൽകിയ റിപ്പോർട്ട് 24 ന് ലഭിച്ചു. നടന്ന കാര്യങ്ങൾ പുറത്തുപറയരുതെന്ന് ഡീനും അസിസ്റ്റന്റ് വാർഡനും ആവശ്യപ്പെട്ടെന്നാണ് മൊഴി. 2019 ലും 2021ലും സമാന മർദ്ദനമുറകൾ ഹോസ്റ്റലിൽ നടന്നുവെന്നും കണ്ടെത്തലുണ്ട്.

ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകുമ്പോൾ ഡീനും അസിസ്റ്റന്റ് വാർഡനും ഒപ്പം നിന്നു. ഭയം മൂലം സത്യസന്ധമായ വിവരങ്ങൾ പറയാൻ കഴിഞ്ഞില്ല. അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാതെ അധ്യാപകരും വിദ്യാർത്ഥിനികളും വിട്ടുനിന്നു. 2019 ലും 2021 ലും സമാന മർദ്ദനമുറകൾ ഹോസ്റ്റലിൽ നടന്നു. മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥി രണ്ടാഴ്ച ക്ലാസ്സിൽ എത്തിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പറയാൻ വിദ്യാർത്ഥി തയ്യാറല്ലെന്നും കണ്ടെത്തലുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp