‘സിനിമയോടുള്ള മോഹവും സ്‌നേഹവും ഒരു വിളക്കാണെങ്കില്‍ അതിനെ അഗ്നികുണ്ഡമാക്കിയത് നിര്‍മാല്യം എന്ന എംടി ചിത്രമാണ്’ ; കമല്‍ഹാസന്‍

എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി കമലഹാസന്‍. തനിക്ക് സിനിമയോടുള്ള മോഹവും സ്‌നേഹവും ഒരു വിളക്കാണെങ്കില്‍ അതിനെ അഗ്നികുണ്ഡമാക്കിയത് നിര്‍മാല്യം എന്ന ചിത്രമാണെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. എഴുത്തുകാരനാവാന്‍ ആഗ്രഹിക്കുന്നവരാകട്ടെ, എഴുത്തുകാരന്‍ എന്ന് തന്നത്താന്‍ വിചാരിക്കുന്നവരാകട്ടെ, എഴുത്തുകാരന്‍ എന്ന് അംഗീകരിക്കപ്പെട്ടവരാകട്ടെ, എവരെല്ലാവര്‍ക്കും എം ടി വാസുദേവന്‍ സാറിന്റെ എഴുത്തുകളെ ഓര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങള്‍ പലതരപ്പെട്ടതാണെന്നും ബഹുമാനവും അസൂയയും സ്‌നേഹവും എന്നും കമല്‍ഹാസന്‍ പറഞ്ഞു.19ാം വയസില്‍ കന്യാകുമാരി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എം ടി സാറിന്റെ വലുപ്പം തനിക്ക് മുഴുവന്‍ മനസിലായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനു ശേഷം കുറച്ചു കാലം കഴിഞ്ഞ് എം ടി സാറിന്റെ നിര്‍മാല്യം എന്ന ചിത്രം കണ്ടു. എനിക്ക് സിനിമയോടുള്ള മോഹവും സ്‌നേഹവും ഒരു വിളക്കാണെങ്കില്‍ അതിനെ അഗ്നികുണ്ഡമാക്കിയത് നിര്‍മാല്യം എന്ന ചിത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം സത്യജിത്ത് റേ, ശ്യാം ബെനഗല്‍, എംടി സര്‍, ഗിരീഷ് കാര്‍നാട് എന്നിവരെല്ലാം വേറെ വേറെയിടത്ത് ജനിച്ചവരാണെങ്കിലും സഹോദരന്‍മാരാണ്. നോവലിസ്റ്റ് എഡിറ്റര്‍, തിരക്കഥാകൃത്ത് തുടങ്ങി എല്ലാ രംഗങ്ങളിലും വിജയിച്ച എഴുത്തുകാരനാണ് വാസുദേവന്‍ സര്‍. വജയിച്ചത് അദ്ദേഹം മാത്രമല്ല. മലയാളികളും മലയാള എഴുത്ത് ലോകവും സിനിമയുമാണ്. വിടപറഞ്ഞ് അയയ്ക്കുന്നത് സാധാരണ മനുഷ്യരെയാണ്. എംടി സര്‍ തന്റെ സാഹിത്യങ്ങളോടൊപ്പം ഇനിയും പല വര്‍ഷങ്ങള്‍ നമ്മോടുകൂടെയും നമുക്ക് ശേഷവും ജീവിച്ചിരിക്കും. വിട പറയാന്‍ മനസില്ല സാറേ..ക്ഷമിക്കുക – കമല്‍ഹാസന്‍ വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp