സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി.

സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം ശക്തികേന്ദ്രങ്ങളിൽ നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് നീക്കം. കണ്ണൂരും കാസർഗോഡും പികെ കൃഷ്ണദാസിന് ചുമതല നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ തലശേരിയിൽ കൃഷ്ണദാസ് മത്സരിച്ചേക്കും. വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചുമതല എംടി രമേശിന് നൽകി.

പാലക്കാട് പി രഘുനാഥിനും ചേലക്കരയിൽ കെകെ അനീഷ്‌കുമാറിനും ചുമതല നൽകി. പാർട്ടി ഗ്രാമങ്ങളിൽ നേതാക്കൾ നേരിട്ട് ഇറങ്ങണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഉദുമ മുതൽ തലശേരി വരെയുള്ള പ്രദേശങ്ങളിൽ വോട്ട് വർധനവുണ്ടായി. ആദിവാസി മേഖലകളിൽ മുന്നേറ്റമുണ്ടായതായും വിലയിരുത്തലുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടിസ്ഥാന ഹിന്ദുവിഭാഗത്തിന്റെ വോട്ട് ലഭിച്ചെന്ന് സംസ്ഥാന നേതൃയോഗത്തിൽ വിലയിരുത്തൽ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിൽ 11 ഇടത്ത് ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഒൻപതിടത്ത് രണ്ടാമതും എത്തി. 121 ഇടങ്ങളിലും എൽഡിഎഫ് പിന്നിൽ പോയെന്ന് മാത്രമല്ല, ഇതിൽ 13 ഇടത്തും മൂന്നാമതായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റ് എൽഡിഎഫും 41 സീറ്റ് യുഡിഎഫുമാണ് നേടിയിരുന്നത്. എൻഡിഎയ്ക്ക് ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല. ഒന്നാമതെത്തുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന നേമം ഉൾപ്പെടെ 9 മണ്ഡലങ്ങളിലാണ് ബിജെപി അന്ന് രണ്ടാം സ്ഥാനത്തെത്തിയത്.

2024 ലോക്സഭാ തെരഞ്ഞടുപ്പിൽ വിജയത്തിനടുത്ത് വരെ എത്തിയ തിരുവനന്തപുരത്ത് 35 ശതമാനം വോട്ട് നേടി. ആറ്റിങ്ങളിൽ 31 ഉം ആലപ്പുഴയിൽ 28 ശതമാനവും വോട്ട് നേടാനും ബിജെപി സാധിച്ചു. പാലക്കാടും പത്തനംതിട്ടയിലും 25 ശതമാനത്തിനരികെയാണ് വോട്ടുനില. ഘടകക്ഷിയായ ബിഡിജെഎസ് മത്സരിച്ച കോട്ടയത്ത് 20 ശതമാനത്തോളം വോട്ട് നേടിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp