സുഖ്‌ദേവ് സിംഗ് ഗോഗമേദി വധക്കേസ്: രണ്ട് പേർ പിടിയിൽ

രാഷ്ട്രീയ രജ്പുത് കർണി സേന അധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഹരിയാനയിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. സുഖ്‌ദേവ് സുരക്ഷ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്ന് കർണി സേനയും ബിജെപിയും വിമർശിച്ചു.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിൽ വച്ച് രണ്ടുപേരെ പൊലീസ് പിടികൂടിയത്. ഹരിയാന മഹേന്ദ്രഘട്ട് സ്വദേശി നിതിൻ ഫൗജി, രാജസ്ഥാൻ സ്വദേശി രോഹിത് സിങ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് പിന്നാലെ പൊലീസ് എട്ടംഗ സംഘത്തെ രൂപീകരിച്ച് ഹരിയാനയിലും രാജസ്ഥാനിലും വ്യാപക പരിശോധന നടത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത വരെ വിശദമായി ചോദ്യംചെയ്ത് വരികയാണ്.

ഭൂമി തർക്കവുമായി ബന്ധപ്പെട്ട വിഷയമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് ബന്ദിന് ആഹ്വാനം ചെയ്ത രജപുത്ത് സമുദായം ശക്തമായി പ്രതിഷേധവുമായി രംഗത്തുണ്ട്. ആഗ്ര-ജയ്പൂർ ദേശീയപാത ഉപരോധിച്ചു. ഉദയ്പുർ, ജോധ്പൂർ അടക്കമുള്ള മേഖലയിൽ പ്രതിഷേധങ്ങൾ തുടരുന്നുണ്ട്. അതേസമയം ഭീഷണിയുടെ തെളിവുകൾ സർക്കാരിന് നൽകിയിട്ടും, സുരക്ഷാ നൽകാതിരുന്നതാണ് സുഖ്ദേവ് കൊല്ലപ്പെടാൻ കാരണമെന്ന് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ ബിജെപിയും കർണി സേനയും വിമർശിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp