കേന്ദ്രമന്ത്രിസഭാ രൂപീകരണത്തിനായി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ ബിജെപി ഘടകക്ഷികള്‍ക്ക് വിട്ടുനല്‍കില്ല. ആഭ്യന്തര മന്ത്രിസ്ഥാനത്ത് രാജ്‌നാഥ് സിങിന്റയും ധനകാര്യ മന്ത്രി സ്ഥാനത്തേക്ക് മുന്‍ നിതി ആയോഗ സിഇഒ അമിതാഭ് കാന്തിന്റെയും പേരുകള്‍ പരിഗണനയിലുണ്ട്. ജെപി നദ്ദ, ശിവരാജ് സിങ് ചൗഹാന്‍ എന്നിവരും മന്ത്രിസഭയിലേക്കെത്തിയേക്കും. കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിക്കും കാബിനറ്റ് പദവി ലഭിച്ചേക്കും. ഘടകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിച്ച് നേതാക്കള്‍ നാളെ രാഷ്ട്രപതിയെ കാണാനാണ് നീക്കം.
ഘടകകക്ഷികള്‍ സുപ്രധാന വകുപ്പുകള്‍ ആവശ്യപ്പെടുമ്പോള്‍ മന്ത്രിസ്ഥാനം നല്‍കുന്നതില്‍ ഫോര്‍മുല മുന്നോട്ടുവയ്ക്കുകയാണ് ബിജെപി. നാല് എംപിമാരുള്ള പാര്‍ട്ടിക്ക് ഒരു മന്ത്രിപദവി നല്‍കും. ടിഡിപിക്കും ജെഡിയുവിനും മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ നല്‍കും. ശിവസേനയ്ക്കും എല്‍ജെപിക്കും രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വീതം നല്‍കും. തെലുഗുദേശത്തിന്റെ പിന്തുണ കിട്ടിയെങ്കിലും മന്ത്രിപദവിയില്‍ ചന്ദ്രബാബു നായിഡുവിനെ മെരുക്കാന്‍ പീയുഷ് ഗോയലിനെ ബിജെപി നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. ടിഡിപി എംപിമാരുമായി നായിഡു ചര്‍ച്ച നടത്തും