സുരേഷ് ഗോപി രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുന്നു; കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനമായി.

ചലച്ചിത്ര നടൻ സുരേഷ് ഗോപി രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുന്നു. സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിലെടുക്കാൻ തീരുമാനമായി. പാർട്ടി ചുമതല വഹിക്കാത്ത വ്യക്തി കോർ കമ്മിറ്റിയിൽ എത്തുന്നത് ഒരുപക്ഷെ ഇതാദ്യമാകും. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചു. കോർ കമ്മിറ്റിയിലേക്ക് നിർദ്ദേശിച്ചിരുന്ന ശോഭാ സുരേന്ദ്രനെ ഒഴിവാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം കോട്ടയത്ത് ബിജെപിയുടെ കോർ കമ്മിറ്റി യോഗവും ഭാരവാഹി യോഗവും ചേർന്നിരുന്നു. കമ്മിറ്റി യോഗത്തിൽ ബിജെപിയുടെ കോർ കമ്മിറ്റി വിപുലീകരിക്കുന്നതിനെ സംബന്ധിച്ച ആലോചനകളും മറ്റ് ചർച്ചകളും നടന്നിരുന്നു. നിലവിൽ പതിനൊന്ന് പേർ അടങ്ങുന്നതാണ് കോർ കമ്മിറ്റി. ഇത് വിപുലീകരിക്കാൻ തീരുമാനിച്ചു. അതിൽ പ്രധാനമായി രണ്ട് പേരുകളാണ് ഉയർന്നുവന്നത്. സുരേഷ് ഗോപിയുടെ പേരും കോർ കമ്മിറ്റിയിൽ ഒരു വനിതാ പ്രാതിനിധ്യം ഉണ്ടാകണം എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുതിർന്ന നേതാവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭാ സുരേന്ദ്രൻ്റെ പേരുമാണ് പരിഗണിച്ചത്. എന്നാൽ, സുരേഷ് ഗോപിയുടെ പേരിന് മാത്രമാണ് ദേശീയ നേതൃത്വം അംഗീകാരം നൽകിയത്. ശോഭാ സുരേന്ദ്രൻ്റെ പേരിന് ദേശീയ നേതൃത്വം അംഗീകാരം നൽകിയില്ല.

ശോഭാ സുരേന്ദ്രന് അംഗീകാരം ലഭിക്കാത്തതിനാൽ മറ്റൊരു വനിതാ നേതാവിനെ സംസ്ഥാനത്ത് നിന്ന് തന്നെ പരിഗണിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

ഉത്തരേന്ത്യയിലൊക്കെ ബിജെപി പരീക്ഷിച്ചതുപോലെ ചലച്ചിത്ര താരങ്ങളുടെ ജനകീയ മുഖം, സുരേഷ് ഗോപിക്കുള്ള സ്വീകാര്യത തുടങ്ങിയവയൊക്കെ ഉപയോഗിക്കാനാണ് പാർട്ടിയുടെ ശ്രമം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp