“സ്ത്രീകൾ ചെറിയ വസ്ത്രം ധരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകും”; വിവാദ പ്രസ്താവനയുമായി തെലങ്കാന ആഭ്യന്തര മന്ത്രി

സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് വിവാദ പ്രസ്താവനയുമായി തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലി. സ്ത്രീകൾ നീളം കുറഞ്ഞ വസ്ത്രം ധരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും, കഴിയുന്നത്ര ശരീരം മറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ കെ.വി രംഗ റെഡ്ഡി വിമൻസ് കോളജിൽ ബുർഖ ധരിച്ച് എത്തിയ വിദ്യാർത്ഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബുർഖ ധരിച്ച് പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിനികളെ കോളജ് ജീവനക്കാർ തടഞ്ഞുനിർത്തിയെന്നാണ് ആരോപണം. അരമണിക്കൂർ വൈകിയാണ് തങ്ങളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിച്ചതെന്നും ബുർഖ അഴിച്ച് പരീക്ഷ എഴുതേണ്ടി വന്നെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഈ വിഷയത്തിൽ പ്രതികരിക്കവെയാണ് തെലങ്കാന ആഭ്യന്തര മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. കെ.വി രംഗ റെഡ്ഡി കോളജിൽ നടന്ന വിഷയത്തെ കുറിച്ച് ചോദിച്ചപ്പോൾ സ്ത്രീകൾ ചെറിയ വസ്ത്രം ധരിച്ചാൽ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു.

“തികച്ചും മതേതര നയമാണ് സർക്കാർ സ്വീകരിക്കുന്നത്. എല്ലാവർക്കും ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്. എന്നാൽ ഹിന്ദു അല്ലെങ്കിൽ ഇസ്ലാമിക ആചാരങ്ങൾക്കനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം, യൂറോപ്യൻ സംസ്കാരം പിന്തുടരരുത്. നമ്മുടെ വസ്ത്രധാരണ സംസ്കാരത്തെ നാം ബഹുമാനിക്കണം. സ്ത്രീകൾ പ്രത്യേകിച്ച് കുറിയ വസ്ത്രങ്ങൾ ധരിക്കരുത്, കഴിയുന്നത്ര ശരീരം മറയ്ക്കണം” – മഹമൂദ് അലി പറഞ്ഞു. കെ.വി രംഗ റെഡ്ഡി കോളജിലെ പ്രശ്നം പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp