സ്പെഷ്യലെന്ന് പേര് വിളിച്ച് നൈസായങ്ങ് കൊണ്ടുപോയി; എറണാകുളം – ബംഗളൂരു റൂട്ടിൽ വന്ദേഭാരത് എന്നത് ഇനിയും സ്വപ്നമായി അവശേഷിക്കും; മൂന്നാം വന്ദേഭാരത് കേരളത്തിന് നഷ്ടമായെന്നുറപ്പായി

തിരുവനന്തപുരം: മാസങ്ങൾക്ക് മുമ്പ് കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് കേരളത്തിന് നഷ്ടമായി. എറണാകുളം – ബംഗളൂരു റൂട്ടിൽ സർവീസ് നടത്താനെത്തിച്ച വന്ദേഭാരത് ട്രെയിൻ നാലു മാസമായി കൊല്ലം റയിൽവെ സ്റ്റേഷനിൽ വെറുതെ കിടക്കുകയായിരുന്നു. ഇന്നലെ സ്പെഷ്യൽ ട്രെയിനായി സർവീസ് നടത്തി മം​ഗലാപുരത്തേക്ക് കൊണ്ടുപോയ ഈ ട്രെയിൻ മംഗളുരൂ – ഗോവ റൂട്ടിൽ സർവീസ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു എറണാകുളം – ബംഗളൂരു റൂട്ടിൽ വന്ദേഭാരത് എന്നത്. ഇതിനായാണ് പുതിയ വന്ദേഭാരത് കേരളത്തിലേക്ക് എത്തിച്ചത് എന്നായിരുന്നു റയിൽവെ ഉദ്യോ​ഗസ്ഥർ നൽകിയ സൂചനയും. എന്നാൽ, ഉത്സവ സീസണുകളിലും വാരാന്ത്യങ്ങളിലും ഇരട്ടിപ്പണം വരെ ഈടാക്കുന്ന സ്വകാര്യ ബസ് ലോബിയുടെ ഇടപെടലാണ് കേരളത്തിന് മൂന്നാം വന്ദേഭാരത് നഷ്ടമാക്കിയത് എന്ന ആരോപണവും ഉയരുന്നുണ്ട്.

തിരുവനന്തപുരം – കോയമ്പത്തൂർ, തിരുവനന്തപുരം – ഷൊർണൂർ റൂട്ടുകൾ പരിഗണിച്ച റെയിൽവേ അതും വേണ്ടെന്ന് വച്ചു. രണ്ട് ട്രെയിനുകൾ ദിവസേന ഷൊർണൂർ വഴി അങ്ങോട്ടും ഇങ്ങോട്ടുമായി നാല് സർവീസുകൾ കടന്ന് പോകുന്നുണ്ട്. അപ്പോൾ മൂന്നാമതൊരു ട്രെയിൻ കൂടി ഇതേ റൂട്ടിൽ വേണ്ടെന്നും അനുവദിച്ചാൽ നഷ്ടം സംഭവിക്കുമെന്നും റെയിൽവേ വിലയിരുത്തി. പിന്നീട് വീണ്ടും കൊച്ചി – ബംഗളൂരു റൂട്ട് ചർച്ചയായെങ്കിലും ഒടുവിൽ അത് നടപ്പിലാകില്ലെന്ന് ഉറപ്പിക്കുന്ന നടപടിയാണ് ഇന്ന് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

നാല് മാസം വെറുതെ കിടന്ന ശേഷം വന്ദേഭാരത് വൺവേ സ്‌പെഷ്യലായി ഇന്നലെ കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേയ്ക്ക് യാത്ര തിരിച്ചു. ഇതിന് മുന്നോടിയായി ട്രെയിനിനെ ശനി വൈകുന്നേരം കൊല്ലത്ത് നിന്ന് കൊച്ചുവേളിയിൽ എത്തിച്ചിരുന്നു. കൊച്ചുവേളിയിൽ നിന്നുള്ള വൺവേ സ്‌പെഷലിന്റെ റൂട്ട് കോട്ടയം വഴിയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കൊച്ചുവേളി – കോട്ടയം റൂട്ടിൽ വണ്ടിയുടെ പരീക്ഷണ ഓട്ടവും അധികൃതർ നടത്തിയിരുന്നു. വൺവേ വന്ദേഭാരത് എന്ന പേരിൽ മംഗലാപുരത്ത് എത്തിക്കുന്ന വണ്ടി താത്ക്കാലികമായി മറ്റൊരു സർവീസ് നടത്തുമെന്നാണ് വിവരം.

മംഗളുരൂ – ഗോവ വന്ദേഭാരത് എക്‌സ്പ്രസിന്റെ റേക്കുകൾ അറ്റകുറ്റപ്പണികൾക്കായി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. പകരമായി കൊച്ചുവേളിയിൽ നിന്ന് എത്തിച്ച എട്ട് കോച്ചുകൾ ഉള്ള വന്ദേഭാരത് ഈ റൂട്ടിൽ ഓടിക്കാനാണ് അധികൃതരുടെ തീരുമാനം. അവധിക്കാല തിരക്ക് ഒഴിവാക്കാൻ കൊച്ചുവേളിയിൽ നിന്ന് മംഗളുരുവിലേയ്ക്ക് വൺവേ സ്‌പെഷൽ ആരംഭിക്കുന്നു എന്നാണ് റെയിൽവേ നൽകിയ അറിയിപ്പ്. സമാനമായ തിരക്ക് തിരികെയുള്ള റൂട്ടിലുമുണ്ട്. പക്ഷേ ഇതേപ്പറ്റി ദക്ഷിണ റെയിൽവേ അധികൃതർ കൃത്യമായ മൗനം പാലിക്കുകയാണ്.

സംസ്ഥാന സർക്കാരിന്റേയും എംപിമാരുടേയും ഒപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേയും ഭാഗത്ത് നിന്ന് ഇടപെടലുണ്ടായാൽ മാത്രമേ ഇനി മൂന്നാം വന്ദേഭാരത് ലഭിക്കാൻ സാദ്ധ്യതയുള്ളൂ. കൊച്ചി – ബംഗളൂരു റൂട്ടിൽ ഓടിക്കുകയാണെങ്കിൽ അത് പതിനായിരക്കണക്കിന് മലയാളികൾക്ക് സഹായകമാകുന്ന ഒന്നാണ്. എന്നിട്ടും റെയിൽവേ എന്തുകൊണ്ടാണ് ഈ റൂട്ടിൽ സർവീസ് ആരംഭിക്കാൻ മടി കാണിക്കുന്നതെന്ന് വ്യക്തമല്ലെന്നാണ് യാത്രക്കാരുൾപ്പെടെ പ്രതികരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp