സൗദിയിലെ 325 കിലോ സ്വർണ മോഷണം; നടന്നത് കൊടും ചതി; സൗദി ജയിലിൽ ശിക്ഷിക്കപ്പെട്ടത് രണ്ട് നിരപരാധികൾ

സൗദി സ്വർണ മോഷണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ. 80 കോടി വിലമതിക്കുന്ന 325 കിലോ സ്വർണം അടങ്ങിയ കണ്ടെയ്‌നർ കിംഗ് ഖാലിദ് എയർപോർട്ടിൽ നിന്ന് കടത്തിയതിന് പിന്നില് മലയാളികൾ ഉൾപ്പെട്ട അന്താരാഷ്ട്ര നെറ്റ്വർക്കെന്ന് റിപ്പോർട്ട്. എന്നാൽ കേസിൽ രണ്ട് മലയാളികളായ നിരപരാധികളാണ് ഇരകളാക്കപ്പെട്ടത്. അതിൽ ഒരാൾ കണ്ണൂർ പേരാവൂർ തൊണ്ടിയിൽ സ്വദേശി റോണി വർഗീസാണ്. മറ്റൊരാൾ വടകര സ്വദേശി അൻസാറാണ്. ഇരുവരേയും സുഹൃത്തുക്കൾ ചേർന്ന് കേസിൽ അകപ്പെടുത്തുകയായിരുന്നു. 

ആറ് വർഷം മുൻപാണ് ചതിയുടെ കഥ നടക്കുന്നത്. കിംഗ് ഖാലിദ് എയർപോർട്ടിന്റെ കാർഗോ സെക്ഷനിൽ ജോലി ചെയ്യുകയായിരുന്നു റോണി വർഗീസും, അൻസാറും മറ്റ് സുഹൃത്തുക്കളും. സ്വർണം കടത്തിയ സംഘത്തിൽ ഉൾപ്പെട്ട റോണിയുടെ സുഹൃത്തുക്കൾ കുറ്റകൃത്യത്തിനായി റോണിയുടെ ഫോണാണ് ഉപയോഗിച്ചത്. എന്നാൽ തന്റെ ഫോൺ ക്രിമിനൽ പ്രവർത്തനത്തിന് വേണ്ടി ഉപയോഗിച്ചത് റോണി മനസിലാക്കിയിരുന്നില്ല.

പിന്നീട് സ്വർണക്കടത്ത് സംഘം ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഫോൺ രേഖകളും മറ്റ് തെളിവുകളും റോണിക്കെതിരായിരുന്നതുകൊണ്ട് റോണിയേയും സുഹൃത്ത് അൻസാറിനേയും സൗദി പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ രാജേഷ്, മോഹൻദാസ്, സുധീഷ് എന്നിവരാണ് തന്റെ ഫോൺ ഉപയോഗിച്ച് ആശയ വിനിമയം നടത്തിയെന്നാണ് റോണി മാതാപിതാക്കളോട് പറഞ്ഞത്.

കേസിൽ ഇരുവരുടേയും വിചാരണ സൗദി കോടതിയിൽ പൂർത്തിയായിട്ടുണ്ട്. ഇരുവർക്കും 50 കോടി രൂപ വീതം പിഴയും 14 വർഷം തടവും വിധിച്ചു. നിലവിൽ ദയാഹർജി പോലുള്ള നീക്കത്തിലാണ് റോണിയുടെ കുടുംബം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp