സൗദി തൊഴില്‍ നൈപുണ്യ പരീക്ഷ ഇന്ത്യയിലും; നടപടികള്‍ പൂര്‍ത്തിയായി.

പുതിയ വിസയില്‍ സൗദിയിലേക്ക് വരുന്നവര്‍ക്കുള്ള തൊഴില്‍ നൈപുണ്യ പരീക്ഷ ഇന്ത്യയില്‍ നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി. അടുത്ത ദിവസം മുതല്‍ പരീക്ഷ എഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. മുംബെയിലും ഡല്‍ഹിയിലുമാണ് പരീക്ഷ കേന്ദ്രങ്ങള്‍ ഉള്ളത്.

ഇന്ത്യയില്‍ നിന്നും പുതിയ വിസയില്‍ സൗദിയിലേക്ക് വരുന്നവരാണ് തൊഴില്‍ നൈപുണ്യ പരീക്ഷയ്ക്കു ഹാജരാകേണ്ടത്. ഇലക്ട്രിഷ്യന്‍, പ്ലംബര്‍, ഓട്ടോ ഇലക്ട്രിഷ്യന്‍, വെല്‍ഡര്‍, റെഫ്രജിറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് എന്നീ 5 തൊഴിലുകളിലാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ വെച്ചു പരീക്ഷ എഴുതാനുള്ള സൗകര്യമുള്ളത്. 23 തൊഴിലുകളില്‍ പരീക്ഷ എഴുതാനുള്ള സൗകര്യം പിന്നീട് ഒരുക്കും.

മെക്കാനിക്, ടെക്ക്‌നിഷന്‍, കാര്‍പ്പന്റര്‍, ടൈല്‍സ് പണിക്കാരന്‍, തേപ്പുകാരന്‍, പെയിന്റര്‍ തുടങ്ങിയ ജോലികള്‍ക്കെല്ലാം പരീക്ഷ നിര്‍ബന്ധമാണ്. മുംബെയിലും ഡല്‍ഹിയിലും ആണ് ഇപ്പോള്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്ളത്. നിലവില്‍ പുതിയ വിസയില്‍ എത്തുന്നവര്‍ക്ക് സൗദിയില്‍ വെച്ചാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യയില്‍ പരീക്ഷയ്ക്ക് ഹാജരായാല്‍ പിന്നീട് സൗദിയില്‍ പരീക്ഷ ഉണ്ടാകില്ല. ഡല്‍ഹിയിലെ സൗദി എംബസിയില്‍ സൗദിയുടെ ലേബര്‍ അറ്റാഷെ കഴിഞ്ഞ ആഴ്ച പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.

നിലവില്‍ സൗദിയില്‍ ഉള്ളവര്‍ക്ക് പരീക്ഷ എഴുതാന്‍ 3 തവണ അവസരം ഉണ്ടാകും. 3 തവണയും പരാജയപ്പെട്ടാല്‍ ലേബര്‍ കാര്‍ഡും ഇഖാമയും പുതുക്കാന്‍ സാധിക്കില്ല. തൊഴില്‍ ചെയ്യാന്‍ മതിയായ യോഗ്യത വിദേശ തൊഴിലാളികള്‍ക്ക് ഉണ്ടോ എന്നു പരിശോധിക്കുകയാണ് യോഗ്യതാ പരീക്ഷയുടെ ലക്ഷ്യം. പ്രാക്ടിക്കല്‍, തിയറി പരീക്ഷകള്‍ക്ക് തൊഴിലാളികള്‍ വിധേയരാകേണ്ടി വരും. തൊഴില്‍ വിപണിയുടെ ഗുണനിലവാരം മെച്ചപ്പെടാനും അവിദഗ്ദ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കാനും ഇതുമൂലം സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp