കൊച്ചി: നടി ഹണി റോസിനെ മോശം പരാമർശങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമ ചർച്ചകളിലൂടെ ഹണി റോസിനെ അപമാനിച്ചുവെന്ന് കാട്ടി തൃശൂർ സ്വദേശി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടി നൽകിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം. ഹണി റോസിൻ്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് ചെയ്തത്. സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആർക്കെതിരെയും സൈബർ അധിക്ഷേപം പാടില്ല എന്നാണ് തൻ്റെ നിലപാട് എന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം.രാഹുൽ ഈശ്വർ നിരന്തരം സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തുന്നു എന്നായിരുന്നു ഹണി റോസിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ഇത് അശ്ലീല – ദ്വയാർത്ഥ പ്രയോഗം ആണെന്ന് ആയിരുന്നു ഹണി റോസിൻ്റെ കുറിപ്പിൻ്റെ ഉള്ളടക്കം. രാഹുൽ ഈശ്വർ സൈബർ ബുള്ളിയിംഗിന് നേതൃത്വം നൽകുന്നു എന്നുമാണ് ഹണി റോസിൻ്റെ ആക്ഷേപം. സമാനമായ സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ ആണ്.