ഹിമാചലിൽ മേഘവിസ്ഫോടനം; കനത്ത മഴയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും

ഹിമാചൽ പ്രദേശിൽ വീണ്ടും മേഘ വിസ്ഫോടനം. ചണ്ഡിഗഡ്-മണാലി റോഡിൽ മണ്ണിടിച്ചിലുണ്ടായി. റോഡിൽ കല്ലും മണ്ണും വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇതേത്തുടർന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഇരുനൂറോളം പേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. മണ്ഡിയിൽ കനത്ത മഴയും ഉരുൾപ്പൊട്ടലുമുണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

അതേസമയം ഉത്തരേന്ത്യയിലും ഹിമാലയൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡൽഹിയിൽ ഓറഞ്ച് അലർട്ട് നൽകി. ഹിമാചൽ പ്രദേശിൽ അടുത്ത 24 മണിക്കൂർ പ്രളയ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് പലയിടത്തും മിന്നൽ പ്രളയം ഉണ്ടായി. നിരവധി ഇടങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു.

പന്ധോ – മണ്ടി ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ മണ്ടി കുള്ളു ദേശീയ പാത അടച്ചു. കാങ്ഗ്ര നഗരത്തിൽ വെള്ളം കയറി. ഹിമാചൽപ്രദേശിൽ ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേദാർനാഥ് തീർത്ഥാടന യാത്ര നിർത്തിവച്ചിരിക്കുകയാണ്.

ഹരിയാനയിൽ പ്രളയം അതീവ രൂക്ഷമാണ്. സംസ്ഥാനത്തെ നദികൾ മുഴുവൻ കരകവിഞ്ഞ് ഒഴുകുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഹാരാഷ്ട്ര രാജസ്ഥാൻ പഞ്ചാബ്, ഉത്തർപ്രദേശ് ബീഹാർ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ എല്ലാം കാലവർഷം ശക്തി പ്രാപിച്ചു. അസമിൽ പ്രളയ സാഹചര്യം അതീവ രൂക്ഷമാണ്. പ്രളയദുരന്തത്തിൽ മൂന്നുപേർക്ക് ജീവൻ നഷ്ടമായ സംസ്ഥാനത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp