ഹൃദയത്തിൽ ദ്വാരം, വേണ്ടിയിരുന്നത് സങ്കീര്‍ണ ശസ്ത്രക്രിയ, രക്തസ്രാവം പോലുമില്ലാതെ നൂതന രീതിയിൽ പൂര്‍ത്തിയാക്കി

കോട്ടയം: മറ്റൊരു നാഴികക്കല്ലായി കോട്ടയം മെഡിക്കല്‍ കോളേജില്‍ അതിനൂതന ശസ്ത്രക്രിയ വിജയം. ജന്മനായുള്ള ഹൃദയത്തിലെ ദ്വാരമായ സൈനസ് വിനോസസ് എഎസ്ഡി., കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജിയറിലൂടെ അടച്ചു. ആന്‍ജിയോപ്ലാസ്റ്റി പോലെ താക്കോല്‍ദ്വാര സുഷിരം വഴി സ്റ്റെന്റ് ഘടിപ്പിച്ചാണ് ഇന്റര്‍വെന്‍ഷന്‍ നടത്തിയത്. പാല സ്വദേശിനിയായ 42 കാരിയ്ക്കാണ് ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജിയര്‍ നടത്തിയത്. 

സാധാരണ സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയ വഴി അടയ്ക്കുന്ന ദ്വാരമാണ് നൂതന ചികിത്സാ രീതിയായ സ്റ്റെന്റ് ഉപയോഗിച്ച് കാത്ത് ലാബില്‍ വച്ച് അടച്ചത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഹൃദയത്തില്‍ ജന്മനായുള്ള പ്രശ്‌നമായതിനാല്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ശനിയാഴ്ച പ്രൊസീജിയര്‍ നടത്തിയത്. താക്കോല്‍ദ്വാര പ്രൊസീജിയറായതിനാല്‍ രക്തസ്രാവം ഒഴിവാക്കാനായി. അതിനാല്‍ തന്നെ രക്തം നല്‍കേണ്ടി വന്നതുമില്ല. ശസ്ത്രക്രിയ പോലെ അധികം വിശ്രമവും ആവശ്യമില്ല. തീവ്ര പരിചരണത്തിന് ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു.

പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. അനില്‍ എസ്.ആര്‍., അസി. പ്രൊഫസര്‍ ഡോ. ഹരിപ്രിയ ജയകുമാര്‍, അനസ്തീഷ്യോളജിസ്റ്റ് ഡോ. സജി കെ.എം., കാത്ത് ലാബ് ടെക്‌നീഷ്യന്‍ അനു, സന്ധ്യ, ജയിന്‍, അനസ്തീഷ്യ ടെക്‌നീഷ്യന്‍ അരുണ്‍, സീനിയര്‍ നഴ്‌സ് സൂസന്‍ എന്നിവരാണ് ഈ പ്രൊസീജിയറിന് നേതൃത്വം നല്‍കിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp