സൈക്കിള്‍ മോഷ്ടാവ് ഭൈരവന് ഡോക്ടര്‍ പശുപതിയായപ്പോള് പോക്കണംകോട് പഞ്ചായത്തില്‍ മാത്രമല്ല കേരളക്കരയിലാകെ ചിരി പടര്‍ന്നു. ഈ ചിത്രത്തിലൂടെ ഷാജി കൈലാസിന്റെ ആദ്യ നായകനായി ഇന്നസെന്റ് മാറി. തീപ്പൊരി ഡയലോഗുകളുടെ സൃഷ്ടാവ് രഞ്ജി പണിക്കരായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ഇന്നസെന്റ് നായകനായ ചിത്രങ്ങള്‍ കുറവെങ്കിലും ചിരിയുടെ നിറസാന്നിധ്യമായി താന്‍ എത്തുന്ന സിനിമകളുടെയെല്ലാം ശ്രദ്ധാ കേന്ദ്രമായി മാറാന്‍, കഥാപാത്രങ്ങളെ അനായാസമായ മെയ്വഴക്കത്തോടെ ഉള്‍ക്കൊള്ളാന്‍ മലയാളികളുടെ ഇന്നച്ചന് ഒരു പ്രത്യേക കഴിവായിരുന്നു.
ഉര്‍വശി തീയറ്റേഴ്സ് ഉടമ മാന്നാര്‍ മത്തായി. ശുദ്ധ ഹാസ്യത്തിന്റെ സമ്പൂര്‍ണ സന്നിവേശം ചിരിയടക്കാനാകാതെ മലയാളികള്‍ ശ്വാസം മുട്ടിപ്പോയ നിമിഷങ്ങള്‍ സമ്മാനിച്ച കഥാപാത്രമായി മാറി. പൈ സഹോദരന്മാരിലെ ഗണപതി പൈ, കാബൂളിവാലയിലെ കന്നാസ്, ക്രോണിക് ബാച്ചിലറിലെ കുരുവിള എല്ലാം നായകതുല്യ വേഷങ്ങള്‍ തന്നെയായിരുന്നു.മലയാള സിനിമയിലെ എണ്ണം പറഞ്ഞ ചില വില്ലന്‍ കഥാപാത്രങ്ങള്‍ക്കും ജീവന് നല്കി ഇന്നസെന്റ്. പൊന്മുട്ടയിടുന്ന താറാവിലെ പണിക്കരും മഴവില്‍ കാവടിയിലെ ശങ്കരന്‍കുട്ടി മേനോനും കേളിയിലെ ലാസറും തസ്കരവീരനിലെ ഈപ്പച്ചനും ഒന്നിനൊന്ന് മികവാര്‍ന്നവയാണ്.
ഒരുപാട് ഹിറ്റ് കഥാപാത്രങ്ങള്‍ക്ക് പേര് നല്കിയതും ഇന്നസെന്റാണ്. ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ ഭീം സിങ് കാ ബേട്ട രാം സിങ്, തേന്മാവിന്കൊമ്പത്തിലെ കാര്‍ത്തുമ്പീ, ഫ്രണ്ട്സ് സിനിമയില്‍ ശ്രീനിവാസന് അവതരിപ്പിച്ച ചക്കച്ചാപ്പറമ്പില് ജോയ്, നന്ദനത്തിലെ കുമ്പിടി എന്നിവ അതില്‍ ചിലതുമാത്രം. മഹാബലിയെ മലയാളികള്‍ ഓര്‍ക്കുന്നത് ഇന്നസെന്റിന്റെ മുഖവും ശബ്ദവും ചേര്‍ത്തുവച്ചാണ്. നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും തിളങ്ങിയ ഇന്നസെന്റ് അഞ്ച് സിനിമകള്‍ക്ക് വേണ്ടി പിന്നണി ഗാനവും ആലപിച്ചിട്ടുണ്ട്.