ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സിംഗിള്‍ ബഞ്ച് വിധി പറയുക. ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി അരുണിറ്റ് ബഞ്ചാണ് വിധി പറയുന്നത്. വിശദമായി വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ വിധി പ്രസ്താവം.ഹര്‍ജിയില്‍ ഡബ്ല്യൂ.സി.സി ,സംസ്ഥാന വനിതാ കമ്മീഷന്‍ തുടങ്ങിയവരെ കക്ഷി ചേര്‍ത്ത കോടതി ഇരുവരുടെയും വാദവും കേട്ടിരുന്നു. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹര്‍ജിക്കാരന്റെ ആവശ്യം സംശയാസ്പദമെന്നാണ് ഡബ്യൂ .സി .സിയുടെ വാദം.സിനിമ മേഖലയിലെ വനിതകളുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുവാന്‍ സര്‍ക്കാരിനൊരു മാര്‍ഗ്ഗരേഖയാണ് റിപ്പോര്‍ട്ടെന്ന് വനിത കമ്മീഷനും വാദിച്ചു. റിപ്പോര്‍ട്ടിന്റെ സംഗ്രഹ ഭാഗവും, ശുപാര്‍ശയും പുറത്ത് വിടണമെന്നാണ് കമ്മീഷന്റെ ആവശ്യം. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയവരുടെയടക്കം സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും, അതിനാല്‍ അനുവദിക്കരുതെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് 2019ലാണ് സര്‍ക്കാരിന് കൈമാറിയിരുന്നത്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി ഉള്‍പ്പെടെ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് 2017ല്‍ ജസ്റ്റിസ് ഹേമ അധ്യക്ഷനായി കമ്മിഷനെ നിയോഗിച്ചത്. ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിഷനാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp