ഹൈറിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുമായി വ്യവസായി വിജേഷ് പിള്ളയ്ക്ക് സാമ്പത്തിക ഇടപാട് ഉണ്ടെന്ന് ഇ.ഡി. ഇന്ന് ചോദ്യം ചെയ്യലിൽ ഹാജരാകാൻ വിജേഷ് പിള്ളയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഒടിടി ഇടപാടുകളെ കുറിച്ച് അറിയാനാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. ഇടപാടുകളെ സംബന്ധിച്ച രേഖകളും ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്
ഇന്ന് രാവിലെ പതിനൊന്ന് മണിക്കുള്ളിൽ ഇ.ഡി ഓഫിസിൽ ഹാജരാകാനാണ് വിജേഷ് പിള്ളയ്ക്ക് നൽകിയിരിക്കുന്ന നിർദേശം. ആദ്യം കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാനായിരുന്നു നിർദേശം നൽകിയിരുന്നത്. എന്നാൽ അന്ന് വിജേഷ് പിള്ള ഹാജരായില്ല. തുടർന്ന് ഇ.ഡി വീണ്ടും സമൻസ് നൽകുകയായിരുന്നു.
കേസിലെ പ്രതികളുമായി വിജേഷ് പിള്ളയ്ക്ക് സാമ്പത്തിക ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാൽപ്പത് കോടി രൂപയുടെ സാമ്പത്തിക ഇടപാട് ഒടിടി പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് ഇരുവർക്കും ഇടയിൽ നടന്നിട്ടുണ്ടെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുകൊണ്ടുള്ള രേഖകൾ ഹാജരാക്കാനും ഇ.ഡി ആവശ്യപ്പെട്ടു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഒമ്പതരയ്ക്ക് പ്രധാന പ്രതികളും സ്ഥാപന ഉടമയുമായ പ്രതാപനോടും ഭാര്യ ശ്രീനാ പ്രതാപനോടും ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്