2023ലെ കേരള പൊതുജനാരോഗ്യ ആക്ട് വിജ്ഞാപനമായി; രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട നിയമം

കേരളത്തിന്റെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ 2023ലെ കേരള പൊതുജനാരോഗ്യ നിയമം വിജ്ഞാപനമായി പുറത്തിറങ്ങി. കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച് സുപ്രധാനമായ നിയമമാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏറെ വര്‍ഷങ്ങളായി കേരളത്തിന്റെ ആരോഗ്യ മേഖല ആഗ്രഹിച്ച നിയമമാണിത്. 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും മദ്രാസ് മേഖലയിലെ 1939 ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടുമാണ് നിലവിലുണ്ടായിരുന്നത്. 12 അധ്യായങ്ങളും 82 ഖണ്ഡങ്ങളുമുള്ള ബൃഹത്തായ നിയമാണിത്. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, ആരോഗ്യ മേഖലയിലെ വിവിധ സംഘടനകള്‍ മുതലായവരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് ബില്‍ നിയമസഭ പാസാക്കിയത്. നിലവിലുള്ള നിയമങ്ങളെ ഏകീകരിച്ചും ക്രോഡീകരിച്ചും പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികള്‍ കണക്കിലെടുത്തും കാലികമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട ആദ്യ നിയമമാണിത്. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളിലും വ്യക്തികളെ പുല്ലിംഗത്തിലാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ നിയമത്തില്‍ സ്ത്രീലിംഗത്തിലാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സ്ത്രീലിംഗത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത് എല്ലാ ലിംഗക്കാരേയും ഉള്‍പ്പെടുത്തിയാണ്. (ഉദാ: ഉടമസ്ഥ, ഉദ്യോഗസ്ഥ, രോഗമുക്ത…)

ഏകാരോഗ്യത്തിന് പ്രാധാന്യം നല്‍കി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ കാര്യങ്ങള്‍ നിയമത്തിലുണ്ട്. ജലം, മാലിന്യം, പകര്‍ച്ചവ്യാധികള്‍, കൊതുക് നിവാരണം, ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ആക്ടിലുണ്ട്. രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിന് ആയുഷ് മേഖലയിലെ യോഗ മുതലായവയ്ക്കും പ്രാധാന്യം നല്‍കുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp