ഈ വർഷം നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം . ന്യൂയോർക്ക് ടൈംസ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്ത് ലണ്ടനും, രണ്ടാം സ്ഥാനത്ത് ജപ്പാനിലെ മൊറിയോകയും, മൂന്നാം സ്ഥാനത്ത് നവാജോ ട്രൈബർ പാർക്ക് മോണ്യുമെന്റ് വാലിയും നാലാം സ്ഥാനത്ത് സ്‌കോട്ട്‌ലൻഡിലെ കിൽമാർട്ടിന് ഗ്ലെനും അഞ്ചാം സ്ഥാനത്ത് ന്യൂസീലൻഡിലെ ഓക്ക്‌ലൻഡുമാണ്.
ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംനേടിയ ഏക സംസ്ഥാനമാണ് കേരളം. കുമരകം, മറവൻതുരുത്ത് എന്നീ പ്രദേശങ്ങളെ കുറിച്ചുള്ള പ്രത്യേക പരാമർശവും ലേഖനത്തിൽ നൽകിയിട്ടുണ്ട്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾക്കും ലേഖനത്തിൽ അംഗീകാരം നൽകുന്നു. കോവിഡാനന്തര ടൂറിസത്തിന് അന്താരാഷ്ട്രാ തലത്തിലുള്ള അംഗീകാരമാണ് ന്യൂയോർക്ക് ടൈംസിന്റെ തെരഞ്ഞെടുപ്പെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അംഗീകാരം വിദേശ സഞ്ചാരികളുടെ വരവ് ത്വരിതപ്പെടുത്താൻ സഹായകരമെന്നും ടൂറിസം മന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
വിശ്വപ്രസിദ്ധമായ ന്യൂയോർക്ക് ടൈംസ് 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തു.
കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയേയും ന്യൂയോർക്ക് ടൈംസ് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്നും കേരളമാണ് പട്ടികയിൽ ഉൾപ്പെട്ട ഏക സംസ്ഥാനം. കേരള സർക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങൾ നൽകി വരുന്ന പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു.