കൗതുകങ്ങൾ സൃഷ്ടിച്ച ഒട്ടേറെ നിർമിതികൾ ലോകമെമ്പാടുമുണ്ട്. കെട്ടിടങ്ങളും, പാലങ്ങളും തുടങ്ങി മനുഷ്യനിർമിതമായ ഒട്ടേറെ കാഴ്ചകൾ ഇതിൽ ഉൾപ്പെടുന്നു. ഇപ്പോഴിതാ, ജനങ്ങൾക്ക് മുന്നിലേക്ക് തുറക്കപ്പെടുകയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ കണ്ണാടി പാലം. വിയറ്റ്നാമിലെ വടക്കൻ ഹൈലാൻഡ്സ് പട്ടണമായ മോക് ചൗവിൽ 2,073.5 അടി നീളമുള്ള കണ്ണാടി പാലമാണ് ഒരുങ്ങിയിരിക്കുന്നത്. പാലം ഉടൻ തന്നെ നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും തുറന്നുകൊടുക്കും.
ബാച്ച് ലോംഗ് എന്ന് പേരിട്ടിരിക്കുന്ന പാലം വിയറ്റ്നാമിലെ ദേശീയ അവധി ദിനമായ പുനരേകീകരണ ദിനത്തിൽ അതായത് ഏപ്രിൽ മുപ്പതിന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.ലോകത്തിലെ ഏറ്റവും നീളം കൂടിയ കണ്ണാടി പാലമെന്ന അംഗീകാരത്തിനായി പാലത്തിന്റെ ഔദ്യോഗിക നീളം ഗിന്നസ് വേൾഡ് റെക്കോർഡിന് സമർപ്പിക്കുകയാണ് സോൺ ലാ പ്രവിശ്യയിലെ മോക് ചൗ ദ്വീപ് ടൂറിസ്റ്റ് ഏരിയയിലെ ഉദ്യോഗസ്ഥർ. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഷാങ്ജിയാജി ഗ്രാൻഡ് കാന്യോണിന് മുകളിലുള്ള 1,410.7 അടി നീളമുള്ള ഗ്ലാസ് പാലമാണ് നിലവിൽ ലോകത്തെ ഏറ്റവും നീളമേറിയ കണ്ണാടി പാലം.
ഈ കൗതുകം സമ്മാനിക്കുന്ന പാലത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധേയമാണ്. ആകർഷണീയമായ നിർമാണ രീതിയാണ് ഈ പാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.ഹനോയിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള പാലം 500 അടി ഉയരത്തിലാണ് ഉള്ളത്. പ്രമുഖ ഫ്രഞ്ച് കമ്പനിയായ സെന്റ് ഗോബെയ്ൻ നിർമ്മിച്ച സൂപ്പർ ടെമ്പർഡ് ഗ്ലാസ് കൊണ്ടാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഈകണ്ണാടി പാലത്തിന് പുറമെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒരു കേബിൾ കാർ സംവിധാനവും ഇവിടെ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരുസമയം 500 പേർക്കാണ് ഈ പാലത്തിലൂടെ നടക്കാൻ സാധിക്കുക.