22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടം; നാസറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ ബോട്ടിന്റെ ഉടമ നാസറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ നാസര്‍ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തുനിന്നാണ് ഇന്നലെ പിടിയിലായത്. ഇയാളുടെ ബോട്ട് ഡ്രൈവറും സഹായിയും ഒളിവില്‍ തുടരുകയാണ്. ഇവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അപകടമുണ്ടായ സ്ഥലത്ത് ഇന്നും തെരച്ചില്‍ തുടരുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. താനൂര്‍ ബോട്ടപകടം അന്വേഷിക്കാന്‍ 14 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമെയാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം.

അപകടവുമായി ബന്ധപ്പെട്ട് കുറ്റമറ്റ അന്വേഷണം നടത്തുകയും കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും ചെയ്യും. ഇത്തരം അപകടങ്ങള്‍ ഇനിയും സംഭവിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കാനും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. മൊത്തം 37 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 22 പേര്‍ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേര്‍ നീന്തിക്കയറുകയായിരുന്നു. ബോട്ടിന് ലൈസന്‍സില്ലാത്തതുള്‍പ്പെടെ വലിയ നിയമലംഘനങ്ങളാണ് താനൂരില്‍ നടന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp