24 വാർത്തയിൽ ദേവസ്വം മന്ത്രിയുടെ ഇടപെടൽ; ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. അവധി ദിനങ്ങളായതിനാൽ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ദർശനത്തിന് ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റിവിടാൻ പൊലീസിനും ദേവസ്വം അധികൃതർക്കും മന്ത്രി നിർദേശം നൽകി. തീർത്ഥാടകർക്കായി കൂടുതൽ ആരോഗ്യ സംവിധാനങ്ങളും ആംബുലൻസും ക്രമീകരിക്കാനും മന്ത്രി നിർദേശിച്ചു. 24 വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.

ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ആവശ്യത്തിന് ആംബുലൻസുകളില്ല എന്നത് പ്രതിസന്ധിയായിരുന്നു. ദേവസ്വം ബോർഡിന്റെ ആംബുലൻസ് തകരാറിലാണ്. നിലവിലുള്ളത് വനം വകുപ്പിന്റെ ആംബുലൻസ് മാത്രമാണ്. ആംബുലൻസ് തകരാറായിട്ടും പകരം സംവിധാനമുണ്ടായിരുന്നില്ല. അടിയന്തര ഘട്ടത്തിൽ സന്നിധാനത്തേക്ക് ആംബുലൻസ് എത്തുന്നത് ചരൽമേട്ടിൽ നിന്നുമാണ്.

കഴിഞ്ഞ ദിവസം പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്. രാവിലെ മലചവിട്ടിയ പലർക്കും ദർശനം പൂർത്തിയാക്കാൻ സാധിച്ചില്ല. ചിലഭാ​ഗങ്ങളിൽ ഭക്തർ ബാരിക്കേഡുകൾ മുറിച്ചു കടന്നു. നടപ്പന്തലുകൾ ഭക്തരെ കൊണ്ട് നിറഞ്ഞു കവിയുന്ന സാഹചര്യമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് ‌പമ്പയിൽ നിന്നും മല കയറിയവർക്ക് ദർശനം നടത്താൻ സാധിച്ചിട്ടില്ല. മണിക്കൂറുകളോളമാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ക്യൂ കോംപ്ലക്സ് പ്രവർത്തിപ്പിച്ച് തുടങ്ങിയെങ്കിലും നിലവിലെ അവസ്ഥയ്‌ക്ക് മാറ്റമില്ല. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലാണ് ക്യൂ കോംപ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കിയ ശേഷം എട്ട് വർഷത്തോളം ഉപയോഗിക്കാതെ കിടന്ന 18 ഹാളുകളാണ് ഇത്തവണ തിരക്ക് നിയന്ത്രിക്കാൻ ഉപയോ​ഗിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp