അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഗുജറാത്തിലെ രണ്ട് ജില്ലകളിൽ സ്ഥിരതാമസമാക്കിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ വിഭാഗതിൽപ്പെട്ടവർക്കാണ് പൗരത്വം നൽകുന്നത്. വിവാദമായ പൗരത്വ ഭേദഗതി നിയമം 2019 (CAA) ന് പകരം, 1955 ലെ പൗരത്വ നിയമത്തിന് കീഴിലാണ് ഇത് അനുവദിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് ഗുജറാത്തിലെ ആനന്ദ്, മെഹ്‌സാന ജില്ലകളിൽ താമസിക്കുന്ന ഹിന്ദു, ജൈന, സിഖ്, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ കുടിയേറ്റക്കാർക്ക് സെക്ഷൻ 5 പ്രകാരം ഇന്ത്യൻ പൗരത്വം അനുവദിക്കാൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകുന്നു. ഗുജറാത്തിലെ ഈ രണ്ട് ജില്ലകളിൽ താമസിക്കുന്ന അത്തരം ആളുകൾ അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഇവ ജില്ലാതലത്തിൽ കളക്ടർ പരിശോധിക്കും.
അപേക്ഷയും അതിലെ റിപ്പോർട്ടുകളും ഒരേസമയം കേന്ദ്ര സർക്കാരിന് ഓൺലൈനായി ആക്‌സസ് ചെയ്യാവുന്നതാണ്. അപേക്ഷകന് പൗരത്വത്തിന് അർഹതയുണ്ടോ എന്ന കാര്യത്തിൽ ആവശ്യമായ പരിശോധനകൾക്കായി കളക്ടർ അന്വേഷണം നടത്തും. അവ സ്ഥിരീകരണത്തിനായി സ്ഥാപനങ്ങൾക്ക് കൈമാറുന്നു. ഈ നടപടിക്രമങ്ങൾക്കെല്ലാം ശേഷം, അപേക്ഷകൻ അനുയോജ്യനാണെന്ന് കളക്ടർക്ക് ബോധ്യപ്പെട്ടാൽ, അയാൾക്ക് ഇന്ത്യൻ പൗരത്വമോ നാച്ചുറലൈസേഷൻ സർട്ടിഫിക്കറ്റോ നൽകും.