‘5 കോടി രൂപ, സ്വർണ്ണ ബിസ്ക്കറ്റുകൾ, വിദേശ ആയുധങ്ങളും മദ്യക്കുപ്പികളും’; ഹരിയാന മുൻ എംഎൽഎയുടെ വീട്ടിലെ ഇഡി റെയ്ഡിൽ നിർണായക കണ്ടെത്തലുകൾ

അനധികൃത ഖനന അഴിമതിക്കേസിൽ ഹരിയാന മുൻ ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) എംഎൽഎ ദിൽബാഗ് സിംഗിന് കുരുക്ക് മുറുകുന്നു. ഇഡി റെയ്ഡിൽ സിംഗിന്റെയും കൂട്ടാളികളുടെയും വീട്ടിൽ നിന്ന് പണവും സ്വർണവും വിദേശ നിർമ്മിത ആയുധങ്ങളും കണ്ടെത്തി. ഹരിയാനയിലെ പ്രതിപക്ഷ എംഎൽഎമാരുടെ വസതിയിൽ ഇന്നലെ രാവിലെയാണ് ഇഡി റെയ്ഡ് ആരംഭിച്ചത്.

അനധികൃത വിദേശ ആയുധങ്ങൾ, 300 വെടിയുണ്ടകൾ, 100 ലധികം മദ്യക്കുപ്പികൾ, 5 കോടി രൂപ, 5 കിലോ സ്വർണ ബിസ്‌ക്കറ്റുകൾ എന്നിവ ദിൽബാഗ് സിംഗിന്റെയും കൂട്ടാളികളുടെയും വീട്ടിൽ നിന്ന് കണ്ടെടുത്തതായി ഇഡി വൃത്തങ്ങൾ അറിയിച്ചു. ഖനനവുമായി ബന്ധപ്പെട്ട രേഖകളും ഇഡി സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും റെയ്ഡുകളിൽ പ്രധാന കണ്ടെത്തലുകൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

വ്യാഴാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരികയാണ്. ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാർ, ദിൽബാഗ് സിംഗ് എന്നിവരുമായി ബന്ധപ്പെട്ട ഇരുപതോളം സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. സോനിപത്ത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഡ്, കർണാൽ, യമുന നഗർ എന്നിവിടങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ എത്തി. കേന്ദ്ര അർദ്ധസൈനിക സേനയുടെ സായുധ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് പരിശോധന നടക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp