കൊലപാതക കേസില്‍ വിദേശത്ത് ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന്റെ മോചനത്തിന് വേണ്ടി പരിശ്രമിക്കുന്ന യുവതിയുടെ വേദന നിറഞ്ഞ ജീവിത കഥ പറയുന്ന ചിത്രമാണ് 2004ല്‍ പുറത്തിറങ്ങി ‘പെരുമഴക്കാലം’. സഹപ്രവര്‍ത്തകന്‍ സുബിന്‍ വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസില്‍ യുഎഇ കോടതി വധശിക്ഷയ്ക്ക് വിധിച്ച, അബുദാബിയില്‍ ജോലി ചെയ്യുന്ന മലയാളി സന്തോഷിന്റെ ഭാര്യ ഷീനയുടെ കഥ ഇതുതന്നെയായിരുന്നു.
വധശിക്ഷയില്‍ നിന്ന് സന്തോഷിനെ രക്ഷപെടുത്താന്‍ കഴിയണമെങ്കില്‍ കൊല്ലപ്പെട്ട സുബിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഈ ബ്ലഡ് മണിയില്‍ 18 ലക്ഷം രൂപ സന്തോഷിന്റെ ജന്മനാടായ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ നാട്ടുകാര്‍ ചേര്‍ന്ന് സമാഹരിച്ചുനല്‍കി. 20 ലക്ഷം രൂപ കണ്ടെത്താന്‍ അന്ന് സന്തോഷിന്റെ കുടുംബത്തിന് വാക്കുനല്‍കിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ്.
ട്വന്റിഫോര്‍ ചാനലിന്റെ ഡയറക്ടര്‍ ആലുങ്കല്‍ മുഹമ്മദുമായി നല്ല ബന്ധമായിരുന്നു ഉമ്മന്‍ചാണ്ടിക്ക്. ഈ ബന്ധമായിരുന്നു സന്തോഷിന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ സഹായകമായത്. അങ്ങനെ ഉമ്മന്‍ചാണ്ടിയുടെ ഒരു ഫോള്‍കോളിലൂടെ സന്തോഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയിലധികമാണ് ബ്ലഡ് മണിയായി ആലുങ്കല്‍ മുഹമ്മദ് നല്‍കിയത്. ഫ്‌ളവേഴ്‌സ്, ട്വന്റിഫോര്‍ ഗ്രൂപ്പുമായി അടുത്ത വ്യക്തിബന്ധം ഉമ്മന്‍ചാണ്ടി കാത്തുസൂക്ഷിച്ചിരുന്നുവെന്ന് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഓര്‍മിച്ചു.