50% പെന്‍ഷന്‍ ഗ്യാരന്റി: പങ്കാളിത്ത പദ്ധതി പരിഷ്‌കരിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍

അവസാനം ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷന്‍ ഉറപ്പാക്കുന്ന രീതിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിച്ചേക്കും. പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരിച്ചുപോകാതെ എന്‍പിഎസ് പ്രകാരം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ 2023 മാര്‍ച്ചില്‍ ടി. വി സോമനാഥന്റെ അധ്യക്ഷനായ സമിതിയെ മോദി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.

ആന്ധ്രയില്‍ നടപ്പാക്കിയ എന്‍പിഎസ് മാതൃകയാകും ഇതിനായി പരിഗണിക്കുകയെന്ന് അറിയുന്നു. അതുപ്രകാരം സേവന വര്‍ഷവും അതിനിടെയുള്ള പിന്‍വലിക്കലും പരിഗണിച്ച് അവസാന ശമ്പളത്തിന്റെ 40 മുതല്‍ 50 ശതമാനംവരെ ഉറപ്പുള്ള പെന്‍ഷന്‍ നല്‍കാനാണ് ശ്രമം. പെന്‍ഷനായി സമാഹരിച്ച തുകയില്‍ കുറവുണ്ടായാല്‍ ബജറ്റ് വിഹിതത്തില്‍നിന്ന് നല്‍കാനാണ് നിര്‍ദേശം.

പദ്ധതി നടപ്പാക്കിയാല്‍ മൂന്നാം മോദി സര്‍ക്കാരിന്റെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നാകും പെന്‍ഷന്‍ പരിഷ്‌കരണം. 2004ന് ശേഷം ജോലിയില്‍ പ്രവേശിച്ച 87 ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. കേന്ദ്ര സ്വീകരിക്കുന്ന പെന്‍ഷന്‍ മാതൃകയാണല്ലോ പൊതുവെ സംസ്ഥാനങ്ങളും പിന്തുടരുന്നത്.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പലതും പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് പോകുകയും അത് വോട്ടര്‍മാരെ സ്വാധീനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഗ്യാരണ്ടീഡ് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. നിലവില്‍ ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിലതെങ്കിലും എന്‍പിഎസിലേക്ക് തിരികെവരാന്‍ സാധ്യതയുണ്ട്.

അതേസമയം, സേവന കാലയളവില്‍ ജീവനക്കാരില്‍നിന്ന് സമാഹരിച്ച തുക ആന്വിറ്റിയിലോ സമാനമായ പദ്ധതികളിലോ നിക്ഷേപിച്ചാല്‍ അവസാനത്തെ ശമ്പളത്തിന്റെ 50 ശതമാനത്തോളം പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതിനായി സര്‍ക്കാരിന്റെ പ്രത്യേക സഹായം ആവശ്യമില്ലെന്നും പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp