രാജ്യാന്തര ടി-20യിൽ ഇന്ത്യക്കായി ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റി ഇനി കെഎൽ രാഹുലിൻ്റെ പേരിൽ. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഗൗതം ഗംഭീറിനെ മറികടന്ന് രാഹുൽ ഈ നേട്ടത്തിലെത്തിയത്. 56 പന്തുകൾ നേരിട്ട രാഹുൽ തൻ്റെ ഫിഫ്റ്റിയും വിജയറണ്ണും പൂർത്തിയാക്കുകയായിരുന്നു. ഗംഭീർ ഫിഫ്റ്റി പൂർത്തിയാക്കിയത് 54 പന്തുകളിലായിരുന്നു. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിൽ ഒരു താരത്തിൻ്റെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റി കൂടിയാണിത്.
91 സ്ട്രൈക്ക് റേറ്റിലായിരുന്നു രാഹുലിൻ്റെ ഇന്നിംഗ്സ്. ഇന്നിംഗ്സിൽ ആകെ 36 ഡോട്ട് ബോളുകൾ. ഗംഭീർ ആവട്ടെ 2012ൽ ഓസ്ട്രേലിയക്കെതിരെയാണ് വേഗം കുറഞ്ഞ ഫിഫ്റ്റി കുറിച്ചത്. 93 സ്ട്രൈക്ക് റേറ്റിലായിരുന്നു ഗംഭീറിൻ്റെ ഇന്നിംഗ്സ്. 2009 ടി-20 ലോകകപ്പിൽ 46 പന്തുകൾ നേരിട്ട് ഫിഫ്റ്റി തികച്ച ഗംഭീർ തന്നെയാണ് മൂന്നാം സ്ഥാനത്ത്.