6 വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ തള്ളി: 19 കാരൻ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ധർമ്മപുരി സ്വദേശി എം പ്രകാശ് (19) ആണ് പൊലീസ് പിടിയിലായത്. ജൂലൈ 16 മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ഒരു ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തി.

തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ കൃഷ്ണപുരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ജൂലൈ 16 മുതൽ ആറ് വയസുകാരനെ കാണാതായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. എം പ്രകാശിൻ്റെ സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

പ്രകാശ് കുട്ടിയുമായി സൗഹൃദത്തിലായിരുന്നെന്നും പലപ്പോഴും ചോക്ലേറ്റുകളും ഐസ് ക്രീമുകളും വാങ്ങിക്കൊടുത്തിരുന്നതായും ജില്ലാ പൊലീസ് സൂപ്രണ്ട് സ്റ്റീഫൻ ജെസുബത്തം പറഞ്ഞു. ജൂലൈ 16 ന് പ്രകാശ് കുട്ടിയെ വാട്ടർ ടാങ്കിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. സഹായത്തിനായി കരയാൻ തുടങ്ങിയതോടെ പരിഭ്രാന്തനായ പ്രകാശ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് കൈകളും കാലുകളും ബന്ധിച്ച് കുട്ടിയുടെ മൃതദേഹം ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ജെസുബത്തം പറഞ്ഞു.

ഇതിനിടെ കൊലപാതകിക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും റോഡ് ഉപരോധിച്ചു. ശിക്ഷയിൽ ഇളവ് നൽകില്ലെന്ന് ജെസുബത്തം ഉറപ്പ് നൽകിയതോടെ ജനക്കൂട്ടം പിരിഞ്ഞുപോയി. പ്രകാശനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp