93-ാം ദേശീയദിന നിറവിൽ സൗദി; രാജ്യത്തെങ്ങും വിപുലമായ ആഘോഷങ്ങൾ

93-ാം ദേശീയദിന നിറവിൽ സൗദി അറേബ്യ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്. പ്രവാസികളും ദേശീയദിനാഘോഷങ്ങളുടെ ഭാഗമാകും.‘ഞങ്ങള്‍ സ്വപ്നം കാണുന്നു, ഞങ്ങള്‍ നേടുന്നു’ എന്ന മുദ്രാവാക്യവുമായാണ് സൗദി അറേബ്യ 93-ആം ദേശീയദിനം ആഘോഷിക്കുന്നത്. സ്വപ്ന സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കാനും, നേടിയെടുത്ത നേട്ടങ്ങളെ ആഘോഷിക്കാനും പൌരന്മാരെ പ്രേരിപ്പിക്കുകയാണ് ഈ പ്രമേയം. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദേശീയ ദിനാഘോഷപരിപാടികള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെയും ഭരണാധികാരികളെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള നിരവധി ഗാനങ്ങള്‍ ഇതിനകം പുറത്തിറങ്ങി. എയര്‍ ഷോ, കരിമരുന്ന് പ്രയോഗങ്ങള്‍, കലാ-കായിക-സാംസ്കാരിക പരിപാടികള്‍, ഷോപ്പിംഗ് ഉത്സവം തുടങ്ങിയവ എല്ലാ നഗരങ്ങളിലും നടക്കുന്നു. പ്രമുഖ കലാകാരന്മാര്‍ നേതൃത്വം നല്‍കുന്ന സംഗീത വിരുന്നുകളും കലാ പരിപാടികളും ഇന്ന് നടക്കും. വ്യാപാര സ്ഥാപനങ്ങളും, റസ്റ്റോറന്റുകളും വിമാനക്കമ്പനികളും, പൊതുഗതാഗത സര്‍വീസുകളും, ടെലകോം കമ്പനികളും ആരോഗ്യ കേന്ദ്രങ്ങളും മറ്റും ദേശീയദിന ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകളും, കെട്ടിടങ്ങളും, ഷോപ്പിംഗ് മാളുകളുമെല്ലാം പതാകകള്‍ കൊണ്ടും ലൈറ്റുകള്‍ കൊണ്ടും അലങ്കരിച്ചു. സ്വദേശികളെന്ന പോലെ പ്രവാസികളും വിപുലമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മലയാളി മാനേജ്മെന്‍റിലുള്ള സ്ഥാപനങ്ങള്‍ പലതും പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി സംഘടനകള്‍ കലാ-കായിക പരിപാടികള്‍ സംഘടിപ്പിച്ചും വിനോദ യാത്രകള്‍ ഒരുക്കിയും ആഘോഷങ്ങളുടെ ഭാഗമാകും. ചില സംഘടനകള്‍ രക്തദാന കേമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ലോക നേതാക്കള്‍ സൗദി ഭരണാധികാരികള്‍ക്ക് ദേശീയ ദിനാശംസകള്‍ നേര്‍ന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp