ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം വി പ്രദീപ്‌ അന്തരിച്ചു

ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം വി പ്രദീപ്‌ (48) അന്തരിച്ചു. തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടറാണ്. തിങ്കൾ രാത്രി 11.15 ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാണ്‌ അന്ത്യം. നെഞ്ചുവേദനയെ തുടർന്ന്‌ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന്‌ മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല

വിദ്യാഭ്യാസ മേഖലയിലെ റിപ്പോർട്ടിങ്ങിൽ മികവു തെളിയിച്ച പത്രപ്രവർത്തകനായിരുന്നു. ജനറൽ റിപ്പോർട്ടിങ്ങിലും ശ്രദ്ധിക്കപ്പെടുന്ന നിരവധി വാർത്തകൾ തയ്യാറാക്കിയിട്ടുണ്ട്‌. മികച്ച ഹ്യൂമൻ ഇന്ററസ്‌റ്റിങ്‌ സ്‌റ്റോറിക്കുള്ള ട്രാക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. 1998ൽ ശ്രീകണ്‌ഠപുരം ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തി. 2008ൽ സബ്‌ എഡിറ്റർ ട്രെയിനിയായി.

കൊച്ചി, കോട്ടയം, കണ്ണൂർ, ഇടുക്കി, കാസർഗോഡ്, കോഴിക്കോട്‌ ബ്യൂറോകളിലും സെൻട്രൽ ഡസ്‌കിലും പ്രവർത്തിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം എരുവശേരി ചുണ്ടക്കുന്ന്‌ മഴുവഞ്ചേരി വീട്ടിൽ പരേതനായ വേലപ്പൻ നായരുടെയും ലീലാമണിയുടെയും മകനാണ്‌. ഭാര്യ: പി കെ സിന്ധുമോൾ (ശ്രീകണ്‌ഠാപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ്‌ മീഡിയം എച്ച്‌എസ്‌എസ്‌ അധ്യാപിക). മകൾ: അനാമിക(വിദ്യാർഥിനി, കെഎൻഎം ഗവ. കോളേജ്‌ കാഞ്ഞിരംകുളം, തിരുവനന്തപുരം). സഹോദരങ്ങൾ: പ്രദീഷ്‌, പ്രമീള.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp