അടുത്തകാലത്തായി ഡോക്ടർമാരുടെ ആത്മഹത്യകളുടെ എണ്ണം കുതിച്ചുയരുകയാണ്. ഈ വർഷം മാത്രം 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് ഡോ.സുൽഫി നൂഹു ഫേസ്ബുക്കിൽ കുറിച്ചു. അറിയപ്പെടാത്ത ആത്മഹത്യാ ശ്രമങ്ങൾ നിരവധിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോക്ടമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന് പിന്നിലെ കാരണങ്ങൾ എണ്ണി പറയുകയാണ് ഡോ.സുൽഫി നൂഹു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.
ജോലിയിലെ സ്‌ട്രെസ്, മാനസിക-ശാരീരിക ഉല്ലാസങ്ങൾക്കുള്ള സമയ കുറവ്, വ്യക്തിപരമായ ചലഞ്ചുകളെ നേരിടുന്നതിൽ പരാജയപ്പെടുന്ന മാനസികാവസ്ഥ, സമൂഹത്തിൽ നിന്നും വീട്ടുകാരിൽ നിന്നും ഉണ്ടാകുന്ന അമിതമായ പ്രതീക്ഷ, അതിനൊപ്പം ഉയരിൻ കഴിയാത്ത അവസ്ഥ എന്നിങ്ങനെ കാരണങ്ങൾ നിരവധിയാണെന്ന് ഡോ.സുൽഫി ചൂണ്ടിക്കാട്ടുന്നു.
എട്ടാം ക്ലാസ് മുതൽ തന്നെ ആരംഭിക്കുന്ന എൻട്രൻസ് പരിശീലന പരിപാടികൾക്കൊടുവിൽ ലഭിക്കുന്ന മെഡിക്കൽ സീറ്റ് കൂടുതൽ സ്‌ട്രെസ്സിലേക്ക് തള്ളിവിടുന്ന സാഹചര്യമാണെന്നും ശക്തമായ അടിത്തറയുള്ള കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ടെന്നും ഡോ.സുൽഫി പറയുന്നു. ഒപ്പം, പിയർ ഗ്രൂപ്പിലെ ആത്മഹത്യാ പ്രവണതകൾ ഗ്ലോറിഫൈ ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന തള്ളിക്കളയാൻ കഴിയാത്ത സ്വാധീനവും ഒരു കാരണമാകാമെന്ന് സുൽഫി നൂഹു പറയുന്നു.