‘എ വി ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നൽകും; ഇനിയും കേരളത്തിന്റെ പല ഭാഗത്തു നിന്നും പലരും വരും’; എകെ ബാലൻ

പാലക്കാട് നവകേരളാസദസ്സിൽ പങ്കെടുത്തതിന് മുൻ ഡിസിസി പ്രസിഡൻ്റ് എ.വി. ഗോപിനാഥിനെതിരെ കോൺ​ഗ്രസ് നടപടി എടുത്തതെതിനെതിരെ സിപിഐഎം നേതാവ് എകെ ബാലൻ. ഗോപിനാഥിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് എകെ ബാലൻ പറഞ്ഞു. കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്നാണ് പറയുന്നത്, രാഷ്ട്രീയമായി ഗോപിനാഥ് ആലോചിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നൽകുമെന്ന് എകെ ബാലൻ പറഞ്ഞു. ഗോപിനാഥ് ചെയ്തതിലും ഗുരുതര തെറ്റാണു ഷാഫി പറമ്പിൽ ചെയ്തത്. ഗോപിനാഥ് നേരിട്ട് പറഞ്ഞതിനു നടപടിയെന്നും കാണാമറയത്തു ഇരുന്ന് പറഞ്ഞവർക്കെതിരെ നടപടിയില്ലെന്നും എകെ ബാലൻ കുറ്റപ്പെടുത്തി. ഗോപിനാഥ് മാത്രമല്ല ഇനിയും കേരളത്തിന്റെ പല ഭാഗത്തു നിന്നും പലരും വരുമെന്നും രാഷ്ട്രീയമായി അവർ തീരുമാനമെടുത്താൽ സിപിഐഎം പോസിറ്റീവ് ആയ തീരുമാനങ്ങൾ എടുക്കുമെന്നും എകെ ബാലൻ വ്യക്തമാക്കി.

അതേസമയം 2021ൽ പാർട്ടിയിൽ നിന്നും രാജിവച്ച തന്നെ കോൺഗ്രസ് എങ്ങനെ പുറത്താക്കുമെന്നാണ് എവി ​ഗോപിനാഥ് ചോദിച്ചു. പാർട്ടിയിൽ നിന്ന് റാജിവെച്ചയാളെയാണ് ഇപ്പോൾ വീണ്ടും പുറത്താക്കിയിരിക്കുന്നത്. ലോക ചരിത്രത്തിലെ അപൂർവ സംഭവം ആണിതെന്നും അദ്ദേഹം പരിഹസിച്ചു. നോർത്ത് ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളിൽ നിന്ന് കിട്ടിയ ഊർജം ആണ് തന്നെ പുറത്താക്കാൻ കാരണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലക്കാട് നവകേരള സദസിൽ പങ്കെടുത്തതിനാണ് എ വി ഗോപിനാഥിനെ കോൺഗ്രസ് സസ്പെന്റ് ചെയ്തിരുന്നു. കെ പി സി സിയുടേതായിരുന്നു നടപടി. പാർട്ടി വിലക്ക് ലംഘിച്ച് നവകേരള സദസിൽ പങ്കെടുത്തതിനാണ് മുൻ എംഎൽഎയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എ വി ഗോപിനാഥിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp