കോഴിക്കോട്ടെ ഷബ്നയുടെ ആത്മഹത്യയിൽ നിർണായക വെളിപ്പെടുത്തലുമായി മകൾ. മാതാവിനെ പിതാവിന്റെ ബന്ധുക്കൾ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് മകൾ വെളിപ്പെടുത്തി.
പിതാവിന്റെ അമ്മാവൻ ഹനീഫ അമ്മയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. മാതാവിനെ രക്ഷിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ആരും ശ്രമിച്ചില്ല. മാതാവിന് മാനസികരോഗം ഉണ്ടെന്ന് വരുത്താൻ ശ്രമം നടന്നെന്നും മകൾ പറഞ്ഞു.
തിങ്കളാഴ്ചയാണ് ഷബ്ന ഭർത്താവിന്റെ ഓർക്കാട്ടേരിയിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്.
സംഭവത്തിൽ ഭർത്താവിന്റെ അമ്മാവന്റെ അറസ്റ്റ് ഇന്നുണ്ടാകും. ഓർക്കാട്ടേരി സ്വദേശി ഹനീഫയെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹനീഫ ഷബ്നയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ മരണത്തിന് കാരണം ഭർത്താവിന്റെ മാതാവും ബന്ധുക്കളും ആണ് എന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്നയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വടകര ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഭർത്താവ് വിദേശത്തു നിന്ന് എത്തുന്നതിന്റെ തലേ ദിവസമാണ് അമ്മയ്‌ക്കൊപ്പം ഷബില ഭർതൃവീട്ടിലെത്തിയത്. മാതാവ് മടങ്ങിയ ശേഷം ഭർതൃവീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ഷബ്‌ന സ്വന്തം വീട്ടിൽ അറിയിച്ചിരുന്നു. മരണം ഉറപ്പാക്കിയതിന് ശേഷമായിരുന്നു വീട്ടുകാരെ വിവരം അറിയിച്ചതെന്ന ഗുരുതര ആരോപണവും ഉണ്ട്.